
മൃഗങ്ങളുടെ 'മദ്യപാനത്തെ'ക്കുറിച്ചും അവ റോഡുകളില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും ഫ്രഞ്ച് പോലീസ് നല്കിയ രസകരമായ മുന്നറിയിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മനുഷ്യര്‍ കൃത്രിമമായി മദ്യം നിര്‍മ്മിക്കുമ്പോള്‍, വസന്തകാലത്ത് പ്രകൃതിയില്‍ ചില പഴങ്ങളും സസ്യങ്ങളും സ്വയമേവ പുളിച്ച് ലഹരിയുടെ അംശം രൂപപ്പെടാറുണ്ട്. ഇത്തരത്തിലുള്ള 'ലഹരിപ്പഴങ്ങള്' കഴിക്കുന്ന മാനുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ലക്കുകെട്ട് പെരുമാറുമെന്നും ഇവ റോഡുകളിലേക്ക് ചാടി അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
മധ്യകിഴക്കന്‍ ഫ്രാന്‍സിലെ വനപ്രദേശത്തെ പോലീസ് വകുപ്പായ 'ജെന്‍ഡര്‍മേരി ഡി സാവോനെ എറ്റ് ലോയര്‍' ആണ് ഈ വ്യത്യസ്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതിന്റെ തെളിവായി ഒരു വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. വിശാലമായ പുല്മേട്ടില് കാലിടറി വീണും വട്ടം കറങ്ങിയും അസാധാരണമായി തുള്ളിച്ചാടിയും നടക്കുന്ന ഒരു മാനിനെ വീഡിയോയില്‍ കാണാം. മെയ് 5ന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി മാറി. പ്രകൃതിദത്തമായ ഈ 'ഫോറസ്റ്റ് അപ്പെരിറ്റിഫ്' കഴിച്ച് നിയന്ത്രണം നഷ്ടപ്പെട്ട മൃഗങ്ങള്‍ റോഡ് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണെന്ന് പോലീസ് ഓര്‍മ്മിപ്പിക്കുന്നു.
'എല്ലാ റോഡ് ഉപയോക്താക്കളും മദ്യപിക്കുന്നവരല്ല, എന്നാല്‍ ചില മൃഗങ്ങള്‍...' എന്ന രസകരമായ കുറിപ്പോടെയാണ് പോലീസ് ഈ വിവരം പങ്കുവെച്ചത്. വനപ്രദേശങ്ങളിലൂടെ വാഹനമോടിക്കുന്നവര്‍, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍, അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. സ്വാഭാവികമായി പുളിച്ച പഴങ്ങളിലെ പഞ്ചസാര വിഘടിച്ച് മദ്യത്തിന് സമാനമായ ലഹരിയുണ്ടാക്കുന്ന ഈ പ്രതിഭാസം മൃഗങ്ങളെ അക്രമാസക്തരോ അല്ലെങ്കില്‍ അശ്രദ്ധരോ ആക്കുമെന്നും അത് ഗുരുതരമായ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.






