
ശരീരദുർഗന്ധം കാരണം ഒരു യുവാവിനെ ജിമ്മിൽ നിന്നും പുറത്താക്കുകയും അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് തുക തിരികെ നൽകുകയും ചെയ്ത അപൂർവമായൊരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിൽ താമസിക്കുന്ന 'ഷി' എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. മറ്റ് അംഗങ്ങളിൽ നിന്ന് കടുത്ത രീതിയിലുള്ള പരാതികൾ ഉയർന്നതിനെത്തുടർന്ന് ജിം അധികൃതർ യുവാവിനോട് ഇനി ഇവിടെ വന്ന് വ്യായാമം ചെയ്യരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് ഷി ഈ ജിമ്മിൽ വലിയൊരു തുക നൽകി മൂന്ന് വർഷത്തെ മെമ്പർഷിപ്പ് എടുത്തത്. ഇതനുസരിച്ച് ദീർഘകാലത്തേക്ക് അദ്ദേഹത്തിന് അവിടെ വ്യായാമം ചെയ്യാൻ അനുവാദമുണ്ടായിരുന്നു. മുൻപ് ശരീരഭാരം വൻതോതിൽ കുറച്ച ഷി, കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിൽ അതീവ താല്പര്യമുള്ള ആളായിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസവും അദ്ദേഹം ഈ ജിമ്മിൽ കൃത്യമായി എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നുള്ള കടുത്ത ദുർഗന്ധം കാരണം തങ്ങൾക്ക് വ്യായാമം ചെയ്യാൻ സാധിക്കുന്നില്ലെന്ന് മറ്റ് പല ഉപഭോക്താക്കളും ജിം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.
ഓരോ ഉപഭോക്താവും തങ്ങൾക്ക് പ്രധാനമാണെന്നും, എന്നാൽ ഷി ഉപയോഗിക്കുന്ന മെഷീനുകളുടെ അടുത്തുപോലും നിൽക്കാൻ മറ്റുള്ളവർക്ക് സാധിക്കാത്തവിധം കടുത്ത ദുർഗന്ധം വമിക്കുന്നതായി നിരന്തരം പരാതികൾ ലഭിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ജിം അധികൃതർ വ്യക്തമാക്കി. യുവാവിനെ തിരക്കില്ലാത്ത സമയങ്ങളിൽ വരാൻ പ്രേരിപ്പിക്കുകയും ജിമ്മിന്റെ ഒരു മൂലയിലുള്ള മെഷീനുകൾ നൽകുകയും ചെയ്തെങ്കിലും പരാതികൾക്ക് കുറവുണ്ടായില്ല. ഒടുവിൽ മെമ്പർഷിപ്പിന്റെ ബാക്കി കാലാവധിയുടെ തുക യുവാവിന് തിരികെ നൽകി. കൂടാതെ മറ്റൊരു ജിമ്മിലെ മൂന്ന് മാസത്തെ സൌജന്യ മെമ്പർഷിപ്പ് കാർഡും ജിം മാനേജ്മെന്റ് അദ്ദേഹത്തിന് നൽകി.
തനിക്ക് അമിതമായി വിയർക്കുന്ന സ്വഭാവമുണ്ടെന്ന് സമ്മതിച്ച ഷി, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എപ്പോഴും ശരീരവും മെഷീനുകളും തുടയ്ക്കാൻ ഒന്നിലധികം ടവ്വലുകൾ കരുതാറുണ്ടായിരുന്നു എന്ന് വ്യക്തമാക്കി. വീടിനടുത്തുള്ള ഈ ജിമ്മിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഷി ഒരു പ്രാദേശിക മാധ്യമത്തെ സമീപിച്ചതോടെയാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. ഭൂരിഭാഗം ആളുകളും ജിമ്മിന്റെ തീരുമാനത്തെ പിന്തുണച്ചപ്പോൾ, ജിം എന്നാൽ ആളുകൾ വിയർക്കുന്ന ഒരിടമാണെന്നും അതിനാൽ യുവാവിനോട് കാണിച്ചത് വിവേചനമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.






