
നമ്മുടെ നാട്ടില്‍ ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഒരു പ്രധാന സാമൂഹിക പ്രശ്നമായി തുടരുകയാണ്. ഇത്തരത്തില്‍ 25 വയസ്സായ തന്റെ വിവാഹം നടത്താന്‍ നിര്‍ബന്ധിക്കുന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'രശ്മി രാജ്' എന്ന യുവതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെക്കുറിച്ച് മാത്രമാണ് ആശങ്കയെന്ന് വ്യക്തമാക്കുന്ന ഈ വീഡിയോ ഇതിനോടകം 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.
പ്രായം കൂടുന്തോറും മുഖത്തെ തിളക്കം കുറയുമെന്നും വൈകി വിവാഹം കഴിച്ചാല്‍ ഗര്‍ഭിണിയാകാന്‍ പ്രയാസപ്പെടുമെന്നുമൊക്കെയാണ് അമ്മയടക്കം നാലുപേരടങ്ങുന്ന ബന്ധുക്കള്‍ വീഡിയോയില്‍ യുവതിയെ ഉപദേശിക്കുന്നത്. എന്നാല്‍ തന്റെ കരിയറിനെക്കുറിച്ചോ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചോ ആശങ്കപ്പെടാതെ, എല്ലാവരും ശാരീരിക മാറ്റങ്ങളെയും കുട്ടികളുണ്ടാകാനുള്ള സാധ്യതകളെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് രശ്മി പറയുന്നു. ജീവിതത്തില്‍ എന്തെങ്കിലും നേടാനോ വളരാനോ ആരും പറയുന്നില്ലെന്നും, ബന്ധുക്കള്‍ വീട്ടില്‍ വരുന്നത് തന്നെ വിവാഹത്തെക്കുറിച്ച് ലക്ചറെടുക്കാനാണെന്നും യുവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
വീഡിയോ വൈറലായതോടെ വലിയ പിന്തുണയാണ് രശ്മിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. സ്ത്രീകള്‍ 30 വയസ്സിന് മുന്‍പ് വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതിന് പിന്നില്‍, ആ പ്രായം കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളവരുമായി മാറുമെന്ന ഭയമാണെന്ന് പലരും കമന്റ് ചെയ്തു. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാനാണ് പല കുടുംബങ്ങളും ശ്രമിക്കുന്നതെന്നും, മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം കാലില്‍ നില്ക്കാന് ശ്രമിക്കണമെന്നുമാണ് ഭൂരിഭാഗം ആളുകളും രശ്മിയെ ഉപദേശിക്കുന്നത്.






