
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് നൂഡില്‍സ് ബ്രാന്‍ഡാണ് മാഗി. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ മലനിരകളിലെ ട്രക്കിങ് സ്പോട്ടുകളില്‍ സഞ്ചാരികളുടെ വിശപ്പകറ്റാന്‍ എളുപ്പത്തില്‍ ലഭിക്കുന്ന ആഹാരവും ഇതുതന്നെയാണ്. എന്നാല്‍ ഇത്തരമൊരു മലമുകളില്‍ മാഗി പാകം ചെയ്ത് വിറ്റാല്‍ ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കും? ഈ ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങിയ ഡല്‍ഹിയില്‍ നിന്നുള്ള ദേവാംശ് ത്യാഗി എന്ന കണ്ടെന്റ് ക്രിയേറ്ററുടെ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വൈറലാകുന്നത്.
സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഒരു മലമുകളില്‍ താല്‍ക്കാലികമായി ഒരു മാഗി സ്റ്റാള്‍ ഒരുക്കിയായിരുന്നു ദേവാംശിന്റെ കച്ചവട പരീക്ഷണം. മാഗി പാകം ചെയ്യാനുള്ള സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്ക് ഇരിക്കാനായി ഏതാനും മേശകളും കസേരകളും അദ്ദഹം അവിടെ സജ്ജീകരിച്ചു. വ്ല്പ്പന ആരംഭിച്ചതോടെ തണുപ്പുള്ള മലമുകളില്‍ ചൂട് മാഗി കഴിക്കാന്‍ സഞ്ചാരികളുടെ വലിയ പ്രവാഹമാണ് ഉണ്ടായത്. റെഗുലര്‍ മാഗിക്ക് 100 രൂപയും ബട്ടര്‍ മാഗിക്ക് 120 രൂപയുമാണ് ദേവാംശ് വിലയായി ഈടാക്കിയത്.
ആളുകള്‍ ഒഴുകിയെത്തിയതോടെ വളരെ പെട്ടെന്നുതന്നെ ദേവാംശിന്റെ കടയിലെ മാഗി സ്റ്റോക്കുകളെല്ലാം തീര്‍ന്നു. കച്ചവടത്തിനൊടുവില്‍ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒറ്റദിവസം കൊണ്ട് മാഗി വിറ്റ് തനിക്ക് 24,000 രൂപ ലഭിച്ചുവെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം പത്ത് കോടിയോളം ആളുകളാണ് കണ്ടുകഴിഞ്ഞത്. ഒരു കൗതുകത്തിനായി ചെയ്ത കച്ചവടത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
തനിക്ക് പുതിയൊരു ലാഭകരമായ ബിസിനസ്സ് ഐഡിയ ലഭിച്ചുവെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മലമുകളില്‍ മാഗി കച്ചവടം തുടങ്ങിയാലോ എന്ന് ചിലര്‍ തമാശയായി ചോദിക്കുമ്പോള്‍, മാഗി ഉണ്ടാക്കാന്‍ അരുവിയിലെ വെള്ളം ഉപയോഗിച്ചതിനെ ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. 24,000 രൂപ എന്നത് ഒരു ദിവസത്തെ ആകെ വരുമാനം (ഗ്രോസ് കളക്ഷന്‍) മാത്രമാണെന്നും, ഇതിന്റെ ലാഭം അറിയാന്‍ സാധനങ്ങളുടെയും യാത്രയുടെയും ചിലവുകള്‍ കൂടി യുവാവ് വെളിപ്പെടുത്തണമായിരുന്നു എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.






