
മലയാളം സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അമ്പിളി ദേവി. സഹനായിക സഹോദരി വേഷങ്ങളിലാണ് സിനിമകളില്‍ താരം തിളങ്ങിയിട്ടുള്ളത്. എന്നാല്‍ സിനിമയെക്കാളേറെ താരത്തെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുത്തിയത് പരമ്പരകളാണ്. കുട്ടിത്തം നിറഞ്ഞ മുഖവുമായി എത്തുന്ന അമ്പിളി ദേവിയെ സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ് കുടുംബപ്രേക്ഷകര്‍ സ്നേഹിക്കുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും താരം നേരിട്ടിട്ടുണ്ട്.
തനിക്കു നേരെ വന്ന പ്രതിസന്ധികളെ മനക്കരുത്തോടെ നേരിട്ട താരം ‘സിംഗിള്‍ മദറാ’യി തന്റെ ജീവിതം മുന്നോട്ടു നയിക്കുകയാണ്. നൃത്തവേദികളിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയ വഴിയും തന്റെ യൂട്യൂബ് ചാനല്‍ വഴിയും പ്രേക്ഷകരുമായി പങ്കിടാറുണ്ട്. മക്കള്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കിടുന്ന താരത്തിന്റെ യൂട്യൂബ് ചാനലിന് നിറയെ ആരാധകരുമുണ്ട്.
ഇപ്പോഴിതാ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് അമ്പിളി ദേവി. ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ഇല്ലെന്ന് മറുപടി പറയുന്ന താരം, തനിക്ക് ആ ഷോയ്ക്കുള്ളിൽ സർവൈവ് ചെയ്യാൻ കഴിയില്ലെന്നും തന്റെ കുടുംബവുമായി അത്രയധികം അറ്റാച്ച്ഡ് ആണെന്നുമാണ് പറയുന്നത്.
‘‘ബിഗ് ബോസിലേക്ക് വിളിച്ചാൽ ഞാൻ ഒരിക്കലും പോകില്ല. എന്നെക്കൊണ്ട് ആ ഷോയ്ക്കുള്ളിൽ സർവൈവ് ചെയ്യാൻ കഴിയില്ല. ഞാൻ എന്റെ കുടുംബവുമായി അത്രയധികം അറ്റാച്ച്ഡ് ആണ്. രണ്ടു ദിവസത്തിൽ കൂടുതൽ എനിക്ക് എന്റെ മക്കളായ അപ്പുവിനെയും അർജുനെയും കാണാതിരിക്കാൻ പറ്റില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് കൃത്യമായി അറിയാം, അയ്യോ എനിക്ക് പെട്ടെന്ന് വീട്ടിൽ പോകണമെന്ന് എപ്പോഴും പറയുന്ന ആളാണ് ഞാൻ. ബിഗ് ബോസിൽ പോയി നിൽക്കാൻ കുറേക്കൂടി ധൈര്യം വേണം...’’ അമ്പിളി ദേവി പറഞ്ഞു.
മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസിന് വലിയ ജനപ്രീതിയാണുള്ളത്. ഇതിന്റെ ഏഴാം സീസൺ കഴിഞ്ഞ നവംബറിലാണ് അവസാനിച്ചത്. തൊട്ടുപിന്നാലെ എട്ടാം സീസണായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഷോയുടെ എട്ടാം സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സാങ്കേതിക പ്രവർത്തകരെ തേടിക്കൊണ്ടുള്ള അണിയറ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ പുതിയ സീസണില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.






