
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ' ദൃശ്യം 3' നാളെ തിയേറ്ററുകളിലെത്തുകയാണ്. നടി വീണ നന്ദകുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ' ദൃശ്യം' പോലെ സൂപ്പര്‍ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് വീണയിപ്പോള്‍. ആശിര്‍വാദ് സിനിമാസിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വീണ. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വീണ പറഞ്ഞു.
"ജീത്തു സാറിനും ആന്റണി ചേട്ടനും മൂന്നാം ഭാഗം എടുക്കാൻ തോന്നിയത് എന്റെ ഭാഗ്യം. അല്ലെങ്കിൽ എനിക്കൊരിക്കലും ദൃശ്യം യൂണിവേഴ്സിൽ ജോയിൻ ചെയ്യാൻ പറ്റില്ലായിരുന്നു. ഒരു ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് ഞാൻ ദൃശ്യം 3യിൽ വരുന്നത്.
എല്ലാവരും പുറത്തെടുക്കുന്ന പണി ഞാൻ ഇതിനകത്ത് നിന്ന് എടുക്കുന്നു. ശരിക്കും ഞാൻ ഭയങ്കര ആവേശത്തിലായിരുന്നു. ജീത്തു സാർ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോൺ കട്ട് ചെയ്തിട്ട് ഞാൻ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്.
ഇത്രയും സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായി ലാലേട്ടനൊപ്പം എത്താൻ പറ്റിയതിൽ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്‌ലൈൻ തന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വളരെ കൗതുകകരമായി തോന്നി. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ, നമ്മൾ നോക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും.
മോണിറ്ററിൽ പോയി നോക്കുമ്പോഴാണ്, ഇതിനിടയിൽ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്സ്പ്രഷൻ പോലും മോണിറ്ററിൽ കാണുന്ന രീതിയിൽ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ". - വീണ നന്ദകുമാർ പറഞ്ഞു.






