
തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി ഗവർണർക്ക് കൈമാറി. കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എം എൽ എ റോജി എം ജോണിന്റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. വിടി ബല്റാമ്മും ചാണ്ടി ഉമ്മനും പുറത്ത് .
മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കറായേക്കുമെന്നാണ് വിവരം.നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ധനകാര്യത്തിന് പുറമെ തുറമുഖ വകുപ്പും കൈകാര്യം ചെയ്യും.
മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കയ്യാളും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിർന്ന നേതാവായ കെ മുരളീധരന് ആരോഗ്യ വകുപ്പെന്നാണ് ആദ്യം പുറത്തുവന്ന വാർത്തയെങ്കിൽ ഇപ്പോൾ വൈദ്യുതി വകുപ്പെന്നാണ് വിവരം.
എ പി അനിൽകുമാറിന് ടൂറിസം വകുപ്പ് കിട്ടും , പി സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ് നൽകും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാൻ സാധ്യത.
കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകും.






