
ജന്തുലോകത്തെ ഏറ്റവും സഹനശക്തിയുള്ള അമ്മമാരടങ്ങിയ ജീവിവര്‍ഗമാണ് ഒറാങ്ഉട്ടാനുകള്‍. തെക്കുകിഴക്കന്‍ ഏഷ്യയിലെ വനങ്ങളില്‍ വര്‍ഷങ്ങളോളം കുഞ്ഞുങ്ങളെ ചുമന്നുനടന്നും, ഭക്ഷണം നല്‍കിയും, അതിജീവനത്തിനുള്ള കഴിവുകള്‍ പഠിപ്പിച്ചും എട്ടു വയസ്സുവരെ ഒറാങ്ഉട്ടാന് അമ്മമാര്‍ ഒറ്റയ്ക്കാണ് കുട്ടികളെ പരിപാലിക്കുന്നത്. മീര്ക്കെറ്റുകളെപ്പോലെയുള്ള ജീവികള്‍ കൂട്ടമായി കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍, ഒറാങ്ഉട്ടാന് ആണ്‍വര്‍ഗത്തിന്റെ സഹായമില്ലാതെ അമ്മമാര്‍ ഈ ഭാരം ഒറ്റയ്ക്ക് ചുമക്കുന്നു. മനുഷ്യര്‍ ഉള്‍പ്പെടുന്ന പ്രൈമേറ്റ്സ് കുടുംബത്തിലെ അംഗമായ ഇവയ്ക്ക് ഉയര്‍ന്ന ബുദ്ധിയും വികാരങ്ങളുമുണ്ട്. ചിംപാന്‍സി, ഗൊറില്ല, ബൊണോബോസ് എന്നിവയ്ക്കൊപ്പം 'ഗ്രേറ്റ് ഏപ്സ്' എന്നറിയപ്പെടുന്ന ഇവയില്‍ ഏഷ്യ ജന്മനാടായുള്ള ഒരേയൊരു വിഭാഗമാണ് ഒറാങ്ഉട്ടാന്. ഇന്തൊനീഷ്യന്‍ ഭാഷയില്‍ 'കാട്ടില്‍ താമസിക്കുന്ന മനുഷ്യന്' എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.
ചിംപാന്സികളെപ്പോലെ കൂട്ടംകൂടി നടക്കാതെ, ജീവിതത്തിന്റെ 80 ശതമാനവും മരങ്ങളില്‍ ഒറ്റയ്ക്ക് ചെലവഴിക്കാനാണ് ഒറാങ്ഉട്ടാനുകള്ക്ക് ഇഷ്ടം. പ്രാണികള്‍, പഴങ്ങള്‍, മരത്തോലുകള്‍, ഇലകള്‍, പൂക്കള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. മരങ്ങളില്‍ തളംകെട്ടുന്ന മഴവെള്ളം കുടിക്കാനും, കനത്ത മഴയത്ത് ഇലകള്‍ കൂട്ടിക്കെട്ടി കുട ചൂടാനുമുള്ള അസാധാരണ ബുദ്ധി ഇവയ്ക്കുണ്ട്. ഏകദേശം 35 മുതല്‍ 40 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. നാലരയടി വരെ പൊക്കമുള്ള ശരീരവും, കാലുകളേക്കാള്‍ നീളമുള്ള ശക്തമായ കൈകളും, ആണ് ഒറാങ്ഉട്ടാനുകളുടെ കവിളുകളിലുള്ള പ്രത്യേക പാഡുകളും ഇവയുടെ ശാരീരിക സവിശേഷതകളാണ്. ആക്രമണ സ്വഭാവം വളരെ കുറഞ്ഞ ഈ ജീവികള്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ളവരാണ്.
പോപ് കള്‍ച്ചറിലും ഒറാങ്ഉട്ടാനുകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആള്ക്കുരങ്ങുകളെക്കുറിച്ചുള്ള ലോകപ്രശസ്ത സിനിമാ പരമ്പരയായ 'പ്ലാനറ്റ് ഓഫ് ദി ഏപ്സി'ല്‍ ഈ ജീവിവര്‍ഗത്തിന്റെ ബുദ്ധിയും സ്നേഹവും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിലെ നായകനായ 'സീസര്‍' എന്ന ചിംപാന്‍സിയുടെ ഉറ്റസുഹൃത്ത് 'മൗറിസ്' എന്ന ഒറാങ്ഉട്ടാനാണ്. കുട്ടികളെയും അക്ഷരങ്ങളെയും ഏറെ സ്നേഹിക്കുന്ന, ജ്ഞാനിയായ മൗറിസ് എന്ന കഥാപാത്രം ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒന്നാണ്. യാഥാര്‍ത്ഥ്യത്തിലും മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ് ഇവ കാഴ്ചവെയ്ക്കുന്നത്.
അടുത്തിടെ ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ച ഒരു സംഭവം ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള ഗുനുങ് ദേശീയോദ്യാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 'റാക്കൂസ്' എന്ന് പേരുള്ള ഒരു ഒറാങ്ഉട്ടാന് തന്റെ മുഖത്തേറ്റ മുറിവ് ഉണക്കാനായി കാട്ടില്‍ നിന്ന് ഒരു പച്ചമരുന്ന് കണ്ടെത്തുകയും, അത് ചവച്ചരച്ച് നീരെടുത്ത് മുറിവില്‍ പുരട്ടുകയും ചെയ്തു. ഒരു വന്യമൃഗം സ്വന്തം മുറിവ് സ്വയം മരുന്ന് കണ്ടെത്തി ചികിത്സിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പരമ്പരാഗതമായ അറിവുകള്‍ക്കപ്പുറം പ്രകൃതിയെ അറിഞ്ഞ് ജീവിക്കാനുള്ള ഒറാങ്ഉട്ടാനുകളുടെ ശേഷി വിളിച്ചോതുന്നതാണ് ഈ അപൂര്‍വ ദൃശ്യം.






