
ബെംഗളൂരുവിലെ തിരക്കേറിയ കോര്‍പ്പറേറ്റ് ലോകത്ത് മാസം രണ്ടര ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന ജോലി ഉപേക്ഷിച്ച്, തീര്‍ത്തും വ്യത്യസ്തമായൊരു ജീവിതം തിരഞ്ഞെടുത്ത അപേക്ഷ ജെയിന് എന്ന യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പ്രമുഖ ഐടി കമ്പനികളില്‍ പതിനൊന്ന് വര്‍ഷത്തിലേറെ വിജയകരമായി ജോലി ചെയ്ത ശേഷമാണ് അപേക്ഷ ഈ വലിയ തീരുമാനമെടുത്തത്. വലിയ ശമ്പളവും സുരക്ഷിതമായ ജോലിയുമുണ്ടായിരുന്നെങ്കിലും 'ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം നഷ്ടപ്പെടുന്നു' എന്ന തിരിച്ചറിവാണ് അവരെ കോര്‍പ്പറേറ്റ് ലോകത്തോട് വിടപറയാന്‍ പ്രേരിപ്പിച്ചത്.
ദിവസവും ലാപ്ടോപ്പിനും മീറ്റിംഗുകള്‍ക്കും ഇടയില്‍ കുടുങ്ങിപ്പോകുന്ന ജീവിതം തന്നെ മാനസികമായി ഏറെ മടുപ്പിച്ചിരുന്നു എന്ന് അപേക്ഷ പറയുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം എടുത്ത തീരുമാനമായിരുന്നില്ല ഇത്. ജോലി രാജിവെയ്ക്കുന്നതിന് മുന്‍പായി കൃത്യമായ ആസൂത്രണത്തോടെ നാല് വര്‍ഷത്തോളം പണം സമ്പാദിച്ച് മാറ്റിവെച്ചു. സാമ്പത്തികമായ ഒരു സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് ബാക്ക്പാക്കുമായി ഇന്ത്യയിലെ വിവിധ മലനിരകളും മനോഹരമായ ഗ്രാമങ്ങളും തേടിയുള്ള തന്റെ യാത്രാജീവിതത്തിന് അവര്‍ തുടക്കം കുറിച്ചത്.
ലക്ഷ്വറി ഹോട്ടലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഹോസ്റ്റലുകളിലും ചെറിയ ഹോംസ്റ്റേകളിലുമാണ് അപേക്ഷ ഇപ്പോള്‍ താമസിക്കുന്നത്. യാത്രകള്‍ക്കിടയില്‍ പ്രാദേശിക കഫേകളില്‍ സഹായിയായി ജോലി ചെയ്തും, പെയിന്റിംഗ്, ആര്‍ട്ട് വര്‍ക്കുകള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിച്ചുമാണ് നിലവില്‍ വരുമാനം കണ്ടെത്തുന്നത്. മാസം 15,000 മുതല്‍ 20,000 രൂപ വരെ മാത്രമാണ് ഇപ്പോഴത്തെ വരുമാനമെങ്കിലും, മുന്‍പ് ലഭിച്ചിരുന്ന ഉയര്‍ന്ന ശമ്പളത്തേക്കാള്‍ ഈ ലളിത ജീവിതമാണ് തനിക്ക് കൂടുതല്‍ സന്തോഷവും സമാധാനവും നല്‍കുന്നതെന്ന് അപേക്ഷ വ്യക്തമാക്കുന്നു.
മുമ്പ് ബാങ്ക് ബാലന്‍സ് കൂടുതലായിരുന്നെങ്കിലും ജീവിതം ആസ്വദിക്കാന്‍ സമയമില്ലായിരുന്നു എന്നും, ഇപ്പോള്‍ വരുമാനം കുറവാണെങ്കിലും ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ് ലഭിക്കുന്നതെന്നും അപേക്ഷ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. അപേക്ഷയുടെ ഈ വേറിട്ട വഴി ചിലര്‍ ധൈര്യപൂര്‍വ്വമായ തീരുമാനമെന്ന് പറഞ്ഞ് അഭിനന്ദിക്കുമ്പോള്‍, സാമ്പത്തിക സുരക്ഷിതത്വമില്ലാതെ ഇത്തരമൊരു മാറ്റം അപകടകരമാണെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്യാതെ ആരും ജോലി ഉപേക്ഷിക്കരുതെന്നും, സാമ്പത്തികമായി തയ്യാറായ ശേഷം മാത്രമേ ഇത്തരം ജീവിതമാറ്റങ്ങള്‍ തിരഞ്ഞെടുക്കാവൂ എന്നും അപേക്ഷ ഓര്‍മ്മിപ്പിക്കുന്നു.






