
ശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തന്റെ സീറ്റിലേക്ക് കാലിന്മേല് കാല് കയറ്റിയിരുന്ന സഹയാത്രികന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു യുവാവ് എക്സില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഗുര്‍ജോത് അലുവാലിയ എന്നയാളാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. 'ശതാബ്ദിയില്‍ യാത്ര ചെയ്യുകയാണ്. എന്റെ തൊട്ടടുത്തിരിക്കുന്ന ഈ 'ബുദ്ധിമാന്' കഴിഞ്ഞ 30 മിനിറ്റായി എന്റെ പേഴ്സണല്‍ സ്പേസില്‍ കടന്നുകയറി കാലിന്മേല് കാല് കയറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ വിവരമുള്ള ഈ വിവരദോഷികളുടെ പൗരബോധമില്ലായ്മയ്ക്ക് എങ്ങനെയാണ് പരിഹാരം കാണുക?' എന്ന കുറിപ്പോടെയായിരുന്നു ഗുര്ജോതിന്റെ പോസ്റ്റ്. താന്‍ പരമാവധി ശാന്തനായിരിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ സഹയാത്രികന്റെ അഴുക്കുപുരണ്ട ഷൂസ് തന്റെ മേല്‍ തൊട്ടാല്‍ നിയന്ത്രണം നഷ്ടപ്പെടുമെന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതും സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിരവധിപ്പേര്‍ രംഗത്തെത്തിയതും. ട്രെയിനുകളിലും വിമാനങ്ങളിലും ബസുകളിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ തങ്ങള്‍ക്കുണ്ടായ സമാനമായ ദുരനുഭവങ്ങള്‍ പലരും കമന്റുകളിലൂടെ പങ്കുവെച്ചു. എന്നാല്‍ ഈ സംഭവം വലിയൊരു തര്‍ക്കത്തിലേക്ക് വഴിമാറിയില്ല. ട്രെയിനില്‍ ചായയും ഭക്ഷണവും വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ സഹയാത്രികന് തന്റെ ഇരിപ്പുരീതി മാറ്റിയെന്നും പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും ഗുര്‍ജോത് തന്നെ പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ഗുര്ജോതിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. പൊതുവിടങ്ങളില്‍ പാലിക്കേണ്ട പൗരബോധത്തെക്കുറിച്ചും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കേണ്ടതിനെക്കുറിച്ചും ഒരു വിഭാഗം ആളുകള്‍ സംസാരിച്ചപ്പോള്‍, മറുവിഭാഗം യുവാവിന്റെ പ്രതികരണ രീതിയെ ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയാക്കുന്നതിന് പകരം, സഹയാത്രികനോട് നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
Traveling in Shatabdi, and the intelligent person next to me is sitting cross legged clearly entering my space for past 30 mins.
How do you solve this idiotic civic sense of educated illiterates in India? pic.twitter.com/eUJYmqsduz— Gurjot Ahluwalia (@gurjota) May 17, 2026






