
തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് - കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും പുതിയ അന്വേഷണം. ശുപാര്‍ശയില്‍ ആഭ്യന്തര മന്ത്രിയുടെ അന്തിമ തീരുമാനം വന്നയുടന്‍ ഇന്ന് തന്നെ ഉത്തരവ് പുറത്തിറങ്ങും. ഇതിന് പിന്നാലെ പ്രതികളായ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.
പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും, ഇതിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കേസിന് ആധാരം. നിലവിലെ എംഎല്‍എയും അന്നത്തെ കെഎസ്യു നേതാവുമായ എ.ഡി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു അന്ന് മര്‍ദനമേറ്റത്. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, പ്രതികളായ അനില്‍ കുമാറും സന്ദീപും കുറ്റക്കാരല്ലെന്ന റിപ്പോര്‍ട്ട് നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ശക്തമായ ആക്ഷേപമുണ്ട്.
മര്‍ദനത്തിന്റെ ദൃശ്യങ്ങളടങ്ങിയ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ പോലും ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് മുന്‍പ് അന്വേഷണം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.






