
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച നോര്‍വേയിലെ പ്രമുഖ പത്രം ഇന്ത്യാക്കാരുടെ പ്രതിഷേധം വിളിച്ചുവരുത്തുന്നു. നടപടി നയതന്ത്ര തര്‍ക്കങ്ങള്‍ക്കും വലിയ രീതിയിലുള്ള സാംസ്‌കാരിക പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നോര്‍വേയിലെ ഏറ്റവും വലിയ അച്ചടി മാധ്യമമായ 'ആഫ്റ്റന്‍പോസ്റ്റന്‍' പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അങ്ങേയറ്റം അപകീര്‍ത്തികരവും പഴയ കൊളോണിയല്‍ ചിന്താഗതികളുടെ പ്രതിഫലനവുമാണെന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇന്ധനവില വര്‍ധനവിനെ സൂചിപ്പിച്ചുകൊണ്ട്, ഒരു പെട്രോള്‍ പമ്പിന്റെ നോസില്‍ രൂപത്തിലുള്ള പാമ്പിനെ മയക്കാന്‍ പ്രധാനമന്ത്രി മകുടിയൂതുന്ന രീതിയിലാണ് കാര്‍ട്ടൂണ്‍. നോര്‍വീജിയന്‍ ഭാഷയിലുള്ള ഒരു നിരീക്ഷണ ലേഖനത്തിനൊപ്പമാണ് ഈ ചിത്രം നല്‍കിയിരുന്നത്. ആ ലേഖനത്തിന്റെ തലക്കെട്ടിന്റെ പരിഭാഷ 'ബുദ്ധിമാനും എന്നാല്‍ അല്പം അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍' എന്നാണ്.
ഈ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ ഇന്ത്യന്‍ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ 2022 ഒക്ടോബറിലും സ്പാനിഷ് പത്രമായ 'ലാ വാന്‍ഗാര്‍ഡിയ' ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സമാനമായ രീതിയില്‍ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.
സാമൂഹിക മാധ്യമമായ എക്‌സില്‍ ഈ കാര്‍ട്ടൂണിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശികള്‍ ഇന്ത്യയെ 'പാമ്പാട്ടികളുടെ നാട്' എന്ന് വിശേഷിപ്പിച്ചിരുന്നതിനെക്കുറിച്ച് 2014-ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഓര്‍മ്മിപ്പിച്ചുകൊണ്ട് പലരും രംഗത്തെത്തി. അന്ന് അദ്ദേഹം പറഞ്ഞത്, ഒരിക്കല്‍ പാമ്പാട്ടികളുമായി ബന്ധപ്പെടുത്തിയിരുന്ന ഇന്ത്യ ഇന്ന് കമ്പ്യൂട്ടര്‍ മൗസുകള്‍ ചലിപ്പിക്കുന്ന 'മൗസ് ചാര്‍മര്‍മാരുടെ' രാജ്യമായി മാറിയിരിക്കുന്നു എന്നാണ്.
'ഇത് അംഗീകരിക്കാനാകില്ല! ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റുള്ളവരെ അപമാനിക്കാനുള്ളതല്ല...' എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍, 'ലോകത്തിലെ ഏറ്റവും മികച്ച മാധ്യമ സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന നോര്‍വേ ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ ചിന്താഗതിയിലാണ് ജീവിക്കുന്നത്. ലോകത്തെ മുഴുവന്‍ ഇന്ത്യയുടെ താളത്തിനൊത്ത് തുള്ളിച്ച നേതാവാണ് പ്രധാനമന്ത്രി മോദി. ഇന്ത്യയുടെ വളര്‍ച്ച അവര്‍ക്ക് ദഹിക്കുന്നില്ല,' എന്ന് മറ്റൊരാള്‍ വിമര്‍ശിച്ചു.
പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് ഒരു വിഭാഗം ആളുകളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുകയാണ് നിങ്ങളുടെ ജോലി. അതിന് ധൈര്യമില്ലാത്തതുകൊണ്ട് വിദേശ മാധ്യമങ്ങള്‍ അത് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തിനാണ് കരയുന്നത്?' എന്ന് ചിലര്‍ ചോദിച്ചു. നേരത്തെ, നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് എന്ന് നോര്‍വീജിയന്‍ പത്രപ്രവര്‍ത്തകയായ ഹെല്ലെ ലിംഗ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കാര്‍ട്ടൂണ്‍ വിവാദവും ഉണ്ടായിരിക്കുന്നത്.






