
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുതല വിഭജനം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി വി.ഡി.സതീശന് പ്രതിസന്ധിയില്‍. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വകുപ്പുകള്‍ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളില്‍ അന്തിമതീരുമാനമാകാത്തതും, ഘടകകക്ഷിയായ മുസ്ലീം ലീഗുമായുള്ള തര്‍ക്കങ്ങളുമാണ് പ്രധാന തടസ്സം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണ്ടെന്നുവെച്ച ലീഗ്, ഫിഷറീസ് വകുപ്പാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഫിഷറീസ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്പര്യമില്ല. ഇത്തരത്തില്‍ വകുപ്പുകളെച്ചൊല്ലിയുള്ള വടംവലി തുടരുന്നതിനൊപ്പം, വരാനിരിക്കുന്ന പുതുക്കിയ ബജറ്റില്‍ പ്രകടനപത്രികയിലെ ജനപ്രിയ 'ഗ്യാരന്റികള്‍' നടപ്പാക്കാനുള്ള അധികപ്പണം കണ്ടെത്തേണ്ടതും പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ വലിയ സാമ്പത്തിക വെല്ലുവിളിയാണ്.
പ്രതിസന്ധികള്‍ക്കിടയിലും, രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികളില്‍ രണ്ടെണ്ണം ഉടനടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൌജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്ത് വയോജന ക്ഷേമം കൂടുതല്‍ മാതൃകാപരമാക്കാന്‍ പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കും. ഇതിന് മുന്നോടിയായി വിപുലമായ പഠനം നടത്തും.






