
ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ചരിത്ര വിജയവും വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതും ആഘോഷിച്ച് ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ദോഹയിൽ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത് പ്രവാസികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചടങ്ങിൽ നിരവധി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.
കേരളത്തിലെ രാഷ്ട്രീയ മാറ്റം ജനങ്ങളുടെ വിശ്വാസത്തിന്റെയും ജനാധിപത്യ വിജയത്തിന്റെയും പ്രതിഫലനമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും ശക്തമായ മതേതര നിലപാടുകളുമാണ് യു.ഡി.എഫിനെ 102 എന്ന മാന്ത്രിക സംഖ്യയിലെത്തിക്കാൻ സഹായിച്ചതെന്ന് യോഗം വിലയിരുത്തി. കേരളം എന്നും മതേതരത്വത്തിനൊപ്പം നിൽക്കണമെന്ന ശക്തമായ ജനവിധിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ശക്തമായ ജനവിധിയിലൂടെ നാടിനും പ്രസ്ഥാനത്തിനും പുതിയ പ്രതീക്ഷയുടെ വെളിച്ചമാണ് ലഭിച്ചിരിക്കുന്നത്. ഈ വിജയത്തിന് പിന്നിൽ ഓരോ പ്രവർത്തകന്റെയും ആത്മാർത്ഥമായ പരിശ്രമവും വിശ്വാസവും ത്യാഗവുമുണ്ടെന്നും അതിൽ അഭിമാനിക്കുന്നുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. യു.ഡി.എഫ് മുന്നേറ്റത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ചടങ്ങിൽ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
ഇൻകാസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.കെ. അബ്ദുള്ള വിജയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ബെന്നി കൂടത്തായ്, റഹീം കൊടുവള്ളി, റഈസ് പുത്തൂർ, മണ്ഡലം ഭാരവാഹികളായ ഷമീർ എരഞ്ഞിക്കോത്ത്, ഷിജാസ് നടമ്മൽപൊയിൽ, ആനന്ദ് കിഴക്കോത്ത്, മോൻസി കൂടത്തായ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറയ്ക്കൽ



![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)


