
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ, രാഷ്ട്രീയത്തിനപ്പുറം മലയാളികളുടെ നെഞ്ചിൽ തൊട്ട ഒരു സുന്ദര നിമിഷമുണ്ടായിരുന്നു. താൻ മകനെപ്പോലെ കരുതുന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെ തേടി വേദിയിലെത്തിയ സീതാലക്ഷ്മി അമ്മാളെന്ന 'അമ്മാളു അമ്മ'യുടെയും, അവരെ കെട്ടിപ്പിടിച്ച് ചേർത്തുനിർത്തിയ വി. ഡി. സതീശന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ആ അമ്മാളു അമ്മയെക്കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി സീമ ജി. നായർ.
കുറച്ചു മാസങ്ങൾക്ക് മുൻപ് അമ്മാളു അമ്മ തന്റെ മുന്നിലെത്തിച്ച ഒരു വലിയ ആഗ്രഹത്തെക്കുറിച്ചാണ് സീമ ജി. നായർ ഫേസ്ബുക്കിൽ കുറിച്ചത്. പറവൂർ സ്വദേശിയായ രാധിക വഴിയാണ് സീമ ജി. നായർ അമ്മാളു അമ്മയെ പരിചയപ്പെടുന്നത്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയെ ഒന്നു നേരിൽ കാണണമെന്നതായിരുന്നു അമ്മാളു അമ്മയുടെ അന്നത്തെ ഏറ്റവും വലിയ സ്വപ്നം. ആ പ്രായമായ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ സീമ ഉടൻ തന്നെ നടൻ രമേഷ് പിഷാരടിയെ വിവരമറിയിച്ചു.
പിഷാരടിയുടെ ഇടപെടലിലൂടെ ഒടുവിൽ അമ്മാളു അമ്മയുടെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമായി. മമ്മൂട്ടിയെ നേരിൽ കാണാനും സംസാരിക്കാനും അമ്മയ്ക്ക് സാധിച്ചു. വെറുമൊരു കൂടിക്കാഴ്ച മാത്രമായിരുന്നില്ല അത്; ഒരുപാട് സ്നേഹത്തോടെ സമ്മാനങ്ങളും നൽകിയാണ് മെഗാസ്റ്റാർ മമ്മൂട്ടി അമ്മാളു അമ്മയെ യാത്രയാക്കിയതെന്നും സീമ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നമസ്‌ക്കാരം.. ഇന്നലെ VDS മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു.. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മുക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി.. ഞാൻ രമേഷ് പിഷാരടിയെ രമേഷ് പിഷാരടി അതറിയിച്ചു.. പിഷാരടി മുഖേന അമ്മാളു അമ്മക്ക് മമ്മുക്കയെ കാണാൻ സാധിച്ചു.. സമ്മാനങ്ങളും നൽകിയാണ് മമ്മുക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല.. ഒരു തപസ്സുപോലെയായിരുന്നു ആ കാത്തിരിപ്പ്.. അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്)..
ഇന്നലെ വീണ്ടും TV യിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മുക്കയുടെ ചിത്രവും ഉണ്ടായിരുന്നു.. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും, ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ.






