
യുട്യൂബറും ബിഗ് ബോസ് ഒടിടി 2 ഷോയിലൂടെ പ്രശസ്തനുമായ അനുരാഗ് ദൊഭാല്‍ താന്‍ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ആഡംബര ജീവിതത്തിന് നടുവിലായിരുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്ര വലിയ തകര്‍ച്ച ഉണ്ടായതെന്ന ഞെട്ടലിലാണ് ആരാധകര്‍. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം 'യുകെ07 റൈഡര്‍' എന്ന പേരില്‍ അറിയപ്പെടുന്ന തന്റെ സ്വപ്‌നതുല്യമായ ബൈക്ക് ശേഖരം വില്‍ക്കേണ്ടി വന്നുവെന്നാണ് അനുരാഗ് തന്റെ പുതിയ വ്‌ലോഗിലൂടെ വെളിപ്പെടുത്തിയത്.
ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന തന്റെ വലിയ ബൈക്ക് സാമ്രാജ്യം ഇന്ന് ശൂന്യമാണെന്നും വെറും രണ്ട് ബൈക്കുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാരേജിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലല്ലാത്തതിനാല്‍ അവിടുത്തെ വൈദ്യുതി ബന്ധം പോലും വിച്ഛേദിക്കപ്പെട്ടു. സ്വന്തം സ്വപ്‌ന ഗാരേജ് ശൂന്യമായി കിടക്കുന്നത് കണ്ട് താന്‍ അതീവ ദുഃഖിതനാണെന്നും, കഴിഞ്ഞ കുറച്ചുകാലമായി എങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയതെന്ന് തനിക്ക് മാത്രമേ അറിയാവൂ എന്നും അനുരാഗ് വികാരാധീനനായി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക തകര്‍ച്ചയ്ക്ക് പുറമെ വ്യക്തിജീവിതത്തിലെ വലിയ പ്രശ്‌നങ്ങളും അനുരാഗിനെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു. മിശ്രവിവാഹത്തിന്റെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള മാനസിക പീഡനം തനിക്ക് നേരിടേണ്ടി വന്നതായി അദ്ദേഹം ആരോപിച്ചു. കൂടാതെ ഇന്‍സ്റ്റാഗ്രാം ലൈവിനിടെയുണ്ടായ ഒരു അപകടത്തില്‍ അനുരാഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആ പരിക്കുകളില്‍നിന്ന് ഇപ്പോഴും പൂര്‍ണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെന്നും, വലിയ ബൈക്കുകളുടെ ഭാരം താങ്ങാന്‍ തക്കവണ്ണം കാലുകള്‍ക്ക് ഇപ്പോഴും ബലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഈ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഭാര്യ റിതികയുടെ ശക്തമായ പിന്തുണ തനിക്ക് വലിയ ആശ്വാസമായെന്ന് അനുരാഗ് പറഞ്ഞു. തന്റെ ഏറ്റവും മോശം അവസ്ഥയിലും റിതിക കൂടെയുണ്ടായിരുന്നുവെന്നും ഇരുവരും ഒരു ആണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടതായും അനുരാഗ് അറിയിച്ചു. നിലവില്‍ ഡെറാഡൂണില്‍ പുതിയൊരു താമസസ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ യുട്യൂബര്‍. തന്റെ ബിസിനസ്സ് ബ്രാന്‍ഡ് വീണ്ടും ലോഞ്ച് ചെയ്യാനുള്ള പദ്ധതികള്‍ നിലവില്‍ പ്രതിസന്ധികള്‍ കാരണം നീണ്ടുപോയെങ്കിലും, നഷ്ടപ്പെട്ടതെല്ലാം കഠിനാധ്വാനത്തിലൂടെ വീണ്ടും നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അനുരാഗ് ദൊഭാല്‍.






