ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ റിട്ട. മേജര്‍ ജനറല്‍ ഭുവന് ചന്ദ്ര ഖണ്ഡൂരി (ബി.സി. ഖണ്ഡൂരി-91) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം. സംസ്കാരം ഇന്ന് നടക്കും. 2007-2009, 2011-2012 കാലയളവിലാണ് 'ജനറല്‍ സാഹെബ്' എന്നു രാഷ്ട്രീയമണ്ഡലങ്ങളില്‍ അറിയപ്പെടുന്ന ഖണ്ഡൂരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിപദം അലങ്കരിച്ചത്.
1934 ഒകേ്ടാബര്‍ ഒന്നിന് ഡെറാഡൂണില്‍ ജനിച്ച ഖണ്ഡൂരി മൂന്നു പതിറ്റാണ്ടിലേറെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. സേവന കാലഘട്ടത്തില്‍ വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ലോക്ദള്‍ നേതാവുമായ ഹേമവതി നന്ദന് ബഹുഗുണയുടെ അനന്തരവനായ ഖണ്ഡൂരി 1991-ല്‍ ഗര്‍വാള്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ ജയിച്ച് ലോക്സഭയിലെത്തി. 1998, 1999, 2004, 2014 വര്‍ഷങ്ങളിലും അദ്ദേഹം ഗര്‍വാള്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. 1996, 2009 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചു.
അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരില്‍ 2000-03 കാലയളവില്‍ റോഡ്, ഹൈവേ സഹമന്ത്രിയായി. പിന്നീട്, ക്യാബിനറ്റ് മന്ത്രിപദവിയും അദ്ദേഹത്തെ തേടിയെത്തി. 2007-ല്‍ ഉത്തരാഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതോടെ എം.പി. സ്ഥാനം രാജിവച്ച് ഖണ്ഡൂരി മുഖ്യമന്ത്രിയായി. ആ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍.ഡി.എയെ നയിച്ചതും ഖണ്ഡൂരിയായിരുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഭഗത് സിങ് കോഷിയാരിയുമായുള്ള അദ്ദേഹത്തിന്റെ ആശയപരമായ ഏറ്റുമുട്ടലുകള്‍ അക്കാലത്ത് വാര്‍ത്താപ്രാധാന്യം നേടി.
ഭരണത്തിന്റെ ആദ്യ 10 മാസത്തിനുള്ളില്‍, മൂന്ന് തവണ അദ്ദേഹം പുറത്താക്കല്‍ ഭീഷണി നേരിട്ടു. പക്ഷേ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ പിന്തുണച്ചു. അഴിമതിക്കെതിരേ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഖണ്ഡൂരിയുടെ പ്രതിഛായയ്ക്കു തിളക്കമേറ്റി. അഴിമതിക്കാര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കുന്ന ലോകയുക്ത ബില്ലിന്റെ കരട് ഉത്തരാഖണ്ഡില്‍ അവതരിപ്പിച്ചും ശ്രദ്ധേയനായി. 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ കോട്ദ്വാറില്‍ ഖണ്ഡൂരി പരാജയപ്പെട്ടു. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗര്വാളില്നിന്ന് അദ്ദേഹം വീണ്ടും ലോക്സഭാംഗമായി. 2019 നുശേഷം സജീവരാഷ്ട്രീയത്തില്‍നിന്ന് അകലം പാലിക്കുകയായിരുന്നു. ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് അംഗം, ഉത്തര്‍പ്രദേശ് ബി.ജെ.പി. വൈസ് പ്രസിഡന്റ്, 12, 13 ലോക്സഭകളില്‍ ബി.ജെ.പി. ചീഫ് വിപ്പ്, വിവിധ പാര്‍ലമെന്ററി സമിതികളില്‍ അംഗം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014- 2018 കാലയളവില്‍ പ്രതിരോധത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായിരിക്കെ രാജ്യത്തിന്റെ പ്രതിരോധ തയാറെടുപ്പുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ചരിത്രവുമുണ്ട്. ഭാര്യ: അരുണ ഖണ്ഡൂരി.
മകന് മനീഷ് ഖണ്ഡൂരി 2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും 2024 ല്‍ ബി.ജെ.പിയിലേക്ക് മടങ്ങി. മകള്‍ ഋതു ഖണ്ഡൂരി ഭൂഷണ് ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറാണ്. നിയമസഭാംഗമായിരിക്കെ പിതാവ് പ്രതിനിധാനം ചെയ്തിരുന്ന കോട്ദ്വാറില്നിന്നുള്ള എം.എല്‍.എയാണ് ഋതു. സംസ്ഥാനത്തെ ആറാമത്തെ സ്പീക്കറായ അവര്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയുമാണ്.




