ലോസ് ഏഞ്ചല്‍സ്: കലിഫോര്‍ണിയയില്‍ ഇസ്ലാമിക് സെന്ററിനു നേരേയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയില്‍ മസ്ജിദും ഇസ്ലാമിക് സ്കൂളും പ്രവര്‍ത്തിക്കുന്ന സമുച്ചയത്തിലാണ് സംഭവം. പള്ളിയിലെ രണ്ടു ജീവനക്കാരും ഒരു സെക്യൂരിറ്റി ഗാര്‍ഡുമാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ക്ലെയര്‍മോണ്ട് മേഖലയിലെ പള്ളിയിലേക്ക് തോക്കുധാരികളായ രണ്ട് അക്രമികള്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്. അക്രമികളെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി സാന്‍ ഡിയാഗോ പോലീസ് അറിയിച്ചു. ഇവര്‍ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് കരുതുന്നത്. ഇതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു.
അക്രമം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ്, പ്രതികളില്‍ ഒരാളുടെ അമ്മ പോലീസിനെ ബന്ധപ്പെട്ടിരുന്നു. മകനെ കാണാനില്ലെന്നും അവന്റെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പോലീസിനെ അറിയിച്ചിരുന്നു. ഒപ്പം, വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുകളും തന്റെ വാഹനവും കാണാതായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍, സൈനികവേഷം ധരിച്ച പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് മസ്ജിദില്‍ വെടിവയ്പ്പ് നടന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഇരകള്‍ വെടിയേറ്റു വീണിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍, അക്രമികളായ കൗമാരക്കാരെ മസ്ജിദിന് സമീപം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇസ്ലാമിക് സെന്ററിന് നേരെ മുന്‍കൂട്ടി വ്യക്തമായ ഭീഷണികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിലൊരാളുടെ അമ്മയ്ക്ക് വീട്ടില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അതിലെ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.





