
തന്റെ അനുവാദമില്ലാതെ പേരും അഭിമുഖത്തില്‍ നിന്നുളള ദൃശ്യങ്ങളും പരസ്യത്തിനായി ഉപയോഗിച്ച ആരോഗ്യ സംരക്ഷഷണ ബ്രാന്‍ഡിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി നടന്‍ ആര്‍ മാധവന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ വഞ്ചനയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. തെറ്റായ രീതിയില്‍ തന്റെ പേര് ഉപയോഗിച്ച് ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ച ഈ കമ്പനിക്കെതിരെ താന്‍ ശക്തമായ നിയമനടപടി സ്വീകരിച്ചതായും താരം വ്യക്തമാക്കി.
ഒരു അഭിമുഖത്തില്‍ താന്‍ നടത്തിയ സംഭാഷണത്തിന്റെ ചെറിയ ഒരു ഭാഗം എടുത്തുമാറ്റി, താന്‍ ആ ബ്രാന്‍ഡ് നിര്‍ദ്ദേശിക്കുകയാണെന്ന രീതിയിലാണ് അവര്‍ ഈ പരസ്യ റീല്‍ നിര്‍മിച്ചിരിക്കുന്നത്.
'എന്തൊരു കഷ്ടമാണിത്! ഇങ്ങനെയുള്ള ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് എങ്ങനെയാണ് തോന്നുന്നത്? നിങ്ങള്‍ക്ക് ഒരാളുടെ അഭിമുഖത്തിലെ ഒരു ദൃശ്യം എടുത്ത് അത് നിങ്ങളുടെ പരസ്യത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ല. നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. ദയവായി ഇത്തരം പ്രൊഫഷണലുകളെയും സ്ഥാപനങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കുക' മാധവന്‍ കുറിച്ചു.
താന്‍ ഈ ഉല്‍പ്പന്നത്തെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് റീല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും, അനുവാദമില്ലാതെ ചെയ്ത ഈ തട്ടിപ്പ് വിശ്വസിച്ച് പൊതുജനങ്ങള്‍ എങ്ങനെ ഇത്തരം ചികിത്സകളെ ആശ്രയിക്കുമെന്നും താരം ചോദിച്ചു. താന്‍ കേവലം 21 ദിവസത്തിനുളളില്‍ ശരീരഭാരം കുറച്ചതിനെക്കുറിച്ച് സംസാരിക്കുന്ന പഴയൊരു വീഡിയോ ക്ലിപ്പാണ് ഈ കമ്പനി പരസ്യത്തിനായി ദുരുപയോഗം ചെയ്തത്. ഈ ക്ലിപ്പിന് പിന്നാലെ ഒരാള്‍ ഡോക്ടറാണെന്ന വ്യാജേന വന്ന് ഈ മാറ്റത്തിന് പിന്നില്‍ തങ്ങളുടെ ബ്രാന്‍ഡാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.






