
ടോക്സിക്ക് മാസ്കുലിനിറ്റിയും പുരുഷാധിപത്യ മനോഭാവവും പ്രകൃതിക്ക് ഗുരുതരമായ ദോഷം ചെയ്യുന്നുവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പുരുഷന്മാരുടെ ജീവിതശൈലിയും ഉപഭോഗരീതികളും ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ മാസ്കുലിനിറ്റി സ്റ്റഡീസ്' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, 13 രാജ്യങ്ങളില്‍ നിന്നുള്ള 22 ഗവേഷകരുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ പെരുമാറ്റശീലങ്ങളാണ് പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. വിനോദസഞ്ചാരത്തിനും യാത്രകള്‍ക്കുമായി പുരുഷന്മാര് കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ, ഹരിത രാഷ്ട്രീയത്തോടും പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടും പുരുഷന്മാര്ക്ക് പൊതുവെ വിമുഖതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാസവസ്തുക്കളുടെ ഉപയോഗം, ഖനനം, കാര്‍ബണ്‍ പുറന്തള്ളുന്ന വ്യവസായങ്ങള്‍ തുടങ്ങിയ പ്രകൃതിയെ ചൂഷണം ചെയ്യുന്ന വന്‍കിട മേഖലകളുടെ നിയന്ത്രണം പുരുഷന്മാരുടെ കൈകളിലാണ്. ആഗോള പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന യുദ്ധങ്ങളും സൈനിക നീക്കങ്ങളും നയിക്കുന്നതും പുരുഷന്മാരാണെന്ന് പഠനം ആരോപിക്കുന്നു. പ്രകൃതിക്കുമേല്‍ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നത് വികസിത പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നതവിഭാഗത്തില്പെട്ട വെളുത്തവര്‍ഗക്കാരായ പുരുഷന്മാരാണെന്നും, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിലുള്ളവര്‍ കാലാവസ്ഥാ വ്യതിയാനത്തെ വ്യാജ പ്രചാരണമായി തള്ളിക്കളയുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സുസ്ഥിര വികസന ചര്‍ച്ചകളില്‍ പുരുഷന്മാരുടെ ഇത്തരം പെരുമാറ്റരീതികള്‍ പരിഗണിക്കപ്പെടാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് യുകെയിലെ ഹഡേഴ്സ്ഫീല്‍ഡ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ ജെഫ് ഹേണ് വ്യക്തമാക്കുന്നു. എന്നാല്‍, ഈ പഠനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പരിസ്ഥിതി ചര്‍ച്ചകളെ ലിംഗവിവേചനത്തിലേക്ക് വലിച്ചിഴക്കരുതെന്നും, കാലാവസ്ഥാ വ്യതിയാനത്തിന് ലിംഗഭേദമന്യേ ശാസ്ത്രീയമായ പരിഹാരങ്ങളാണ് കണ്ടെത്തേണ്ടതെന്നുമാണ് വിമര്‍ശകരുടെ വാദം.






