
കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ അലീനയുടെ ഭീഷണി സന്ദേശം പുറത്ത്. പരാതി പ്പെട്ടതിനു ഗുണ്ടാ നേതാവിന്റെ പേരു പറഞ്ഞ് പണി തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടെനിന്ന് ചതിക്കുന്നത് ആലോചിച്ചിട്ടു വേണമെന്നും ഭീഷണിസന്ദേശത്തില്‍ പറയുന്നു.
അതേസമയം, മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി സിന്ധുവിനെ ഇന്നലെ കൊച്ചിയിലെത്തിച്ചു. കേസില്‍ പിടിയിലായ മോഡല്‍ അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. വിദേശത്തുള്ള രണ്ടു പ്രതികളെ പിടികൂടാനായി നിയമനടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. കേസില്‍ സെക്‌സ് റാക്കറ്റിന്റെയും ഗുണ്ടാസംഘങ്ങളുടെയും ബന്ധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിനി സ്‌റ്റോയ്‌സി എന്ന സിന്ധുവാണ് ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികള്‍. മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ ജോലികള്‍ വാഗ്ദാനംചെയ്ത് വിദേശത്ത് കൊണ്ടുപോയി യുവതികളെ ലഹരിമരുന്ന് ഉള്‍പ്പെടെ നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കേസ്.
ദുബായിലെത്തിയതിനു പിന്നാലെ ഒരു ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ലഹരി നല്‍കി, അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ തായും ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു മാസം പുറത്തുകടക്കാന്‍ സാധിച്ചില്ല. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നുവെന്നു മരട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏറെ ഗൗരവമേറിയ കേസാണിതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
ഡി.സി.പി: അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം എ.സി.പി: കെ.ജി. സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മരട് എസ്.എച്ച്.ഒ: അബ്ദുള്‍ മനാഫും അന്വേഷണ സംഘത്തിലുണ്ട്. സമാന വിധത്തില്‍ ക്രൂരതകള്‍ നേരിടേണ്ടി വന്ന മറ്റൊരു ജില്ലക്കാരിയായ യുവതിയും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.






