
തിരുവനന്തപുരം: ആദ്യമായി നിയമസഭയില്‍ എത്തിയ തളിപ്പറമ്പില്‍നിന്നുള്ള എംഎല്‍എ ടി.കെ. ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്തത് സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് കൈ കൊടുത്ത ശേഷം. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ മാരുടെ സത്യപ്രതിജ്ഞയില്‍ സഗൗരവമാണ് ടി.കെ. ഗോവിന്ദന്‍ സത്യപ്രതിജ്ഞയെടുത്തത്.
സത്യപ്രതിജ്ഞ ചെയ്യാനുള്ള ഊഴമെത്തിയതിന് പിന്നാലെ ഗോവിന്ദന്‍ നടുത്തളത്തിലെത്തി. യുഡിഎഫ് അംഗങ്ങള്‍ കൈയ്യടിച്ച് വരവേറ്റു. എന്നാല്‍, ഗോവിന്ദന്‍ നേരെപോയത് പിണറായി വിജയന്‍ ഇരിക്കുന്ന ഭാഗത്തേക്കാണ്. പിണറായി വിജയന്റെ അടുത്തേക്ക് നടന്നുനീങ്ങിയ ഗോവിന്ദന്‍ അദ്ദേഹത്തിന് കൈ കൊടുത്തു. അതിന് ശേഷമാണ് ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ. ശ്യാമളയെ തോല്‍പ്പിച്ചാണ് ടി.കെ. ഗോവിന്ദന്‍ നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്.
അതിന് ശേഷം മത്സരിക്കാനെത്തിയ അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു. 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗോവിന്ദന്‍ തളിപ്പറമ്പില്‍ വിജയിച്ചത്. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദന്റെ സത്യപ്രതിജ്ഞയെ ആകാംക്ഷയോടെ രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കിയത്. പ്രോടേം സ്പീക്കറായ ജി.സുധാകരനും സിപിഐഎമ്മില്‍ നിന്നും പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചു ജയിച്ചുകയറുകയായിരുന്നു. പിണറായി വിജയനും ജി സുധാകരന് കൈ കൊടുത്തിരുന്നു.






