
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്, എങ്കിലും അതില്‍ വളരെ ചെറിയൊരു പങ്ക് മാത്രമേ രാജ്യം കയറ്റുമതി ചെയ്യുന്നുള്ളൂ. ഇതിന് പിന്നിലെ ഏറ്റവും വലിയ കാരണം മാമ്പഴത്തോടുള്ള ഇന്ത്യക്കാരുടെ അതിയായ താല്പര്യം തന്നെയാണ്. മാമ്പഴമില്ലാതെ ഒരു വേനല്‍ക്കാലം പൂര്‍ണ്ണമാകില്ലല്ലോ. വേനല്‍ക്കാലത്ത് മാമ്പഴം എല്ലായിടത്തുമുണ്ട്. പച്ചയായും, ഷെയ്ക്കുകളായും, ഡെസേര്‍ട്ടുകളില്‍ ചേര്‍ത്തും നമ്മളത് കഴിക്കാറുണ്ട്. എന്നാല്‍ മാമ്പഴത്തില്‍ സ്വാഭാവികമായി പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുമോ ? പ്രമേഹരോഗികള്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുണ്ടോ ? ഇതിന്റെ യഥാര്‍ത്ഥ ഉത്തരം പലരും കരുതുന്നതിനേക്കാള്‍ വളരെ വ്യത്യാസമുള്ളതാണ്. എച്ച്ടി ലൈഫ്സ്റ്റൈലിന് (HT lifestyle) നല്കിയ അഭിമുഖത്തില്‍, ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്റ് സുഗന്ധ കെഹാര്‍, ഫോര്‍ട്ടിസ് സി ഡെക് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡയബറ്റിസ് (Fortis C DOC) ചെയര്മാന് ഡോ. അനൂപ് മിശ്ര എന്നിവര്‍ മാമ്പഴം രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുന്ന തങ്ങളുടെ രണ്ട് ഗവേഷണ പ്രബന്ധങ്ങളെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചു. 2025 സെപ്റ്റംബറില്‍ 'യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍' പ്രസിദ്ധീകരിച്ച ആദ്യ പഠനം, ടൈപ്പ് 2 പ്രമേഹമുള്ളവരിലും ഇല്ലാത്തവരിലും മൂന്ന് തരം മാമ്പഴ ഇനങ്ങള്‍ (സഫേദ, ദശേരി, ലംഗ്ഡ) ഉണ്ടാക്കുന്ന ഗ്ലൂക്കോസ് വ്യതിയാനങ്ങളെക്കുറിച്ച് പരിശോധിച്ചതായിരുന്നു. 2025 ജൂലൈയില്‍ 'ജേണല്‍ ഓഫ് ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിക് ഡിസോര്‍ഡേഴ്സില്‍' പ്രസിദ്ധീകരിച്ച എട്ട് ആഴ്ച നീണ്ടുനിന്ന രണ്ടാമത്തെ പഠനം, പ്രഭാതഭക്ഷണത്തില്‍ വൈറ്റ് ബ്രെഡിന് (White bread) പകരമായി ദിവസവും മാമ്പഴം കഴിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു. സഫേദ, ദശേരി എന്നീ രണ്ട് മാമ്പഴ ഇനങ്ങള്‍ കഴിക്കുമ്പോഴുണ്ടാകുന്ന പഞ്ചസാരയുടെ വര്‍ദ്ധനവിനെ വൈറ്റ് ബ്രെഡ് കഴിക്കുമ്പോഴുണ്ടാകുന്ന വര്ദ്ധനവുമായിട്ടാണ് ഇതില്‍ താരതമ്യം ചെയ്തത്.
മാമ്പഴവും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവും
ഈ ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇന്‍സുലിന്‍ പ്രതിരോധം (Insulin resistance) തുടങ്ങിയ പല ഘടകങ്ങള്‍ വിദഗ്ധര്‍ വിലയിരുത്തി. ഗവേഷണ കണ്ടെത്തലുകളില്‍ നിന്ന് വ്യക്തമായ അനുകൂലമായ ചില കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
1. കരുതുന്നതുപോലെ മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നില്ല - പഠനങ്ങളില്‍ വൈറ്റ് ബ്രെഡ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഞ്ചസാര മാമ്പഴം കഴിച്ചപ്പോള്‍ കൂടിയില്ല. ചില സന്ദര്‍ഭങ്ങളില്‍, ബ്രെഡ് കഴിച്ചതിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഗ്ലൂക്കോസ് വര്‍ദ്ധിച്ചത്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ വൈറ്റ് ബ്രെഡ് കഴിക്കുമ്പോഴുണ്ടാകുന്നതിന് തുല്യമായോ അതില്‍ കുറവോ ആയ ഗ്ലൂക്കോസ് അളവ് മാത്രമാണ് മാമ്പഴം ഉണ്ടാക്കിയത്. 'കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ്' (Continuous glucose monitoring) വഴി പരിശോധിച്ചപ്പോള്‍ ദിവസം മുഴുവന്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധി വരെ സ്ഥിരതയുള്ളതായി കാണപ്പെട്ടു.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മാമ്പഴം സഹായിക്കുന്നു - മാമ്പഴം കഴിക്കുന്നത് വഴി ഗ്ലൂക്കോസ് അളവിലുണ്ടാകുന്ന വലിയ പെട്ടെന്നുള്ള മാറ്റങ്ങള്‍ (Glycaemic variability) കുറയുന്നതായി കണ്ടു. ഇതിനര്‍ത്ഥം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല എന്നാണ്. ശരീരത്തിന്റെ മെറ്റബോളിക് (Metabolic) നിയന്ത്രണത്തിന് ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് സ്ഥിരമായിരിക്കുന്നത് നല്ലതാണ്.
3. കൃത്യമായ നിയന്ത്രണങ്ങളോടെ കഴിച്ചപ്പോള്‍ ദീര്‍ഘകാല ഗുണങ്ങള്‍ കണ്ടു - എട്ട് ആഴ്ച നീണ്ട പഠനത്തില്‍, പ്രഭാതഭക്ഷണത്തില്‍ വൈറ്റ് ബ്രെഡ് പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായാണ് മാമ്പഴം നല്‍കിയത്. ഇതിലൂടെ രോഗികളുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ (Fasting blood sugar), HbA1c അളവുകളില്‍ പുരോഗതി കണ്ടു. ഇന്‍സുലിന്‍ പ്രതിരോധത്തില്‍ മാറ്റമുണ്ടായി. ശരീരഭാരം, അരവണ്ണം, കൊഴുപ്പിന്റെ അളവ് എന്നിവ കുറഞ്ഞതായും കണ്ടെത്തി. ശരീരത്തിന് നല്ലതായ HDL കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിച്ചു.
4. കഴിക്കുന്ന അളവും (Portion size) ഭക്ഷണരീതിയും വളരെ പ്രധാനമാണ് - ഈ പഠനങ്ങളില്‍ ഏകദേശം 250 ഗ്രാം മാമ്പഴക്കഷണങ്ങളാണ് കൃത്യമായ അളവില്‍ നല്‍കിയത്. കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമായാണ് മാമ്പഴം ഉള്‍പ്പെടുത്തിയത്. സാധാരണ കഴിക്കുന്ന ഭക്ഷണത്തിന് പുറമെയായി കഴിക്കുന്നതിന് പകരം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായാണ് ഇത് നല്‍കിയത്. മാമ്പഴം അമിതമായി കഴിക്കുകയോ മറ്റ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം കഴിക്കുകയോ ചെയ്താല്‍ ഫലം വ്യത്യാസപ്പെടാം.
5. എന്തുകൊണ്ട് മാമ്പഴം വിചാരിച്ചതിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു? - മാമ്പഴത്തിന് മിതമായ ഗ്ലൈസമിക് ഇന്‍ഡക്സും (Glycaemic index) താരതമ്യേന കുറഞ്ഞ ഗ്ലൈസമിക് ലോഡുമാണുള്ളത് (Glycaemic load). ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ (Fibre) ശരീരത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് പതുക്കെയാക്കാന്‍ സഹായിക്കുന്നു. മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ചില ബയോആക്റ്റീവ് സംയുക്തങ്ങളും (Bioactive compounds) മാമ്പഴത്തിലുണ്ട്. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന സ്വാധീനം സാധാരണ കരുതുന്നതിനേക്കാള്‍ കുറവായിരിക്കും.
മാമ്പഴം എങ്ങനെ കഴിക്കണം?
മാമ്പഴം പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് ഡോ. അനൂപ് മിശ്ര വ്യക്തമാക്കുന്നു. 'ഏകദേശം 200 മുതല്‍ 250 ഗ്രാം വരെയുള്ള നിയന്ത്രിതമായ അളവില്‍, ഒരു ലഘുഭക്ഷണമായി (Standalone nsack) കഴിക്കുന്നതിന് പകരം പ്രധാന ഭക്ഷണത്തിന്റെ ഭാഗമായി വേണം മാമ്പഴം കഴിക്കാന്‍,' അദ്ദേഹം പറഞ്ഞു. ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്റ് സുഗന്ധയും ഇതിനോട് യോജിക്കുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായി മാമ്പഴം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 'സാധാരണ കഴിക്കുന്ന ഭക്ഷണത്തിന് പുറമെയായി മാമ്പഴം കഴിക്കുന്നതിന് പകരം, വൈറ്റ് ബ്രെഡ് പോലുള്ള ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായി മാമ്പഴം ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണ്,' അവര്‍ പറഞ്ഞു.
എന്നാല്‍, മാമ്പഴം മറ്റ് മധുരമുള്ള ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് കഴിക്കരുതെന്ന് രണ്ട് വിദഗ്ധരും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഓരോ വ്യക്തികളുടെയും ശരീരം വ്യത്യസ്തമായ രീതിയിലാകാം പ്രതികരിക്കുക എന്നതിനാല്‍, മാമ്പഴം കഴിച്ചതിന് ശേഷം സ്വന്തം ശരീരത്തിലെ ഗ്ലൂക്കോസ് വ്യതിയാനം നിരീക്ഷിക്കാനും അവര്‍ ശുപാര്‍ശ ചെയ്യുന്നു. കൃത്യമായ അളവിലും നിയന്ത്രണത്തിലും കഴിക്കുകയാണെങ്കില്‍ മാമ്പഴം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് വിദഗ്ദ്ധര്‍ സമ്മതിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായി കൃത്യമായ അളവില്‍ കഴിക്കുമ്പോള്‍ മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നില്ലെന്ന് മാത്രമല്ല, ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.






