
കൊച്ചി: അമ്മയിലെ ചില പ്രവര്‍ത്തകരും നടന്‍ ടിനിടോമും ചേര്‍ന്ന് തനിക്കെതിരേ വ്യക്തിയാക്ഷേപം നടത്തുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി രൂക്ഷ ആരോപണവുമായി നടി അന്‍സിബ ഹസന്‍. തന്നെ മതതീവ്രവാദിയായും ഇസ്‌ളാമിലേക്ക് മതംമാറ്റം നടത്തുന്നയാളായും ചിത്രീകരിക്കുന്നെന്നും നടി റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഏറെ വൈകാരികമായിട്ടാണ് അന്‍സിബ പ്രതികരിച്ചത്. തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. താന്‍ സംഘടനതയുടെ ജോ: സെക്രട്ടറിയായത് മുതല്‍ വേട്ടയാടുകയാണെന്നും പറഞ്ഞു. എതിരഭിപ്രായം പറയുന്നതിന് വേട്ടയാടുന്നു. അതെല്ലാം വ്യക്തിവൈരാഗ്യമായി കാണിക്കുന്നു. ഫെബ്രുവരിയില്‍ അമ്മയുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ തനിക്ക് സംഘടനയിലെ ചില ആള്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞു. ടിനിടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കുന്നതായും പറഞ്ഞു.
തനിക്കെതിരേ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു, മോശം കഥകള്‍ ഉണ്ടാക്കുന്നു, തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു. മാനസീകമായി സമ്മര്‍ദ്ദമുണ്ടാക്കുന്നു. സഹിക്കാവുന്ന പരിധി കഴിഞ്ഞെന്നും നടി പറഞ്ഞു. അമ്മയുടെ പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കാര്യവുമായി ബന്ധപ്പെട്ട് താന്‍ എതിരഭിപ്രായം പറഞ്ഞത് മുതലാണ് തനിക്ക് ഈ അനുഭവം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.
തനിക്കെതിരേ തൃപ്പൂണിത്തറ പോലീസില്‍ തനിക്കെതിരേ പരാതി ഉണ്ടായെന്നും മൂന്ന് മണിക്കൂറിലധികം സമയം സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഹരാസ് ചെയ്‌തെന്നും അന്‍സിബ വ്യക്തമാക്കി. ഒരു ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട കേസ് ഉണ്ടായത് താന്‍ ഇരയായ നടിക്ക് അയച്ച ഒരു സന്ദേശത്തിന്റെ പേരിലാണെന്ന് ആരോപിച്ച് പോലീസ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചു. തന്റെ സന്ദേശം കൊണ്ടാണ് ആ ഗാര്‍ഹിക പീഡനത്തിന് കാരണമായതെന്ന് ആരോപിച്ച പോലീസ് മാപ്പപേക്ഷ എഴുതിക്കൊടുപ്പിച്ചെന്നും നടി വ്യക്തമാക്കി.
അമ്മയുടെ ജോ. സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാന്‍ തന്നെ കാരണം ടിനി ടോമാണെന്നും പറഞ്ഞു. ജോലിത്തിരക്ക് എന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നതെങ്കിലും കടുത്ത മാനസീകപീഡനം മൂലമാണ് സംഘടന വിട്ടതെന്നും ഇക്കാര്യം അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മതതീവ്രവാദിയാക്കിയും ജിഹാദിയായും ചിത്രീകരിക്കുന്നു. ജോലിയെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞു.
ഫെബ്രുവരിയിലായിരുന്നു കുടുംബസംഗമം നടത്തിയത്. എന്നാല്‍ അതിലുണ്ടായ മാനസീക സമ്മര്‍ദ്ദം കാരണം ഫെബ്രുവരി അവസാനത്തോടെ രാജിവെച്ചു. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിന്റെ ലിമിറ്റ് കഴിഞ്ഞെന്നും അതോടെയാണ് രാജി വെച്ചതെന്നും പറഞ്ഞു. സംഘടനയ്ക്ക് താന്‍മൂലം ദോഷം വരരുതെന്ന് കരുതിയാണ് ഇത് പുറത്തു പറയാതിരുന്നത്. തന്റെ കരിയറിനെ ബാധിക്കുമോ എന്നും ഭയന്നതായും അവര്‍ പറഞ്ഞു.






