
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുടി സ്റ്റൈലുമായി സാദൃശ്യമുള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ 'ട്രംപോത്ത്' എന്ന പേരില്‍ വൈറലായ അപൂര്‍വ്വയിനം പോത്തിനെ ഈ ബക്രീദിന് ബലി നല്‍കും. ബംഗ്ലാദേശിലെ ഡാക്കയ്ക്ക് സമീപമുള്ള ഫാമിലുള്ള ഈ ആല്‍ബിനോ പോത്തിന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന സ്വര്‍ണ്ണമുടിയും, വെളുപ്പും ഇളം പിങ്കും കലര്‍ന്ന ചര്‍മ്മവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വീഡിയോകള്‍ തരംഗമായതോടെ ഈ അപൂര്‍വ്വ ജീവിയെ നേരില്‍ കാണാനും സെല്‍ഫിയെടുക്കാനുമായി നിരവധി ആളുകളാണ് ഫാമിലെത്തുന്നത്.
മെലനിന്റെ അഭാവം മൂലമുണ്ടാകുന്ന ആല്‍ബിനോ പ്രതിഭാസം കാരണം ബംഗ്ലാദേശില്‍ ഇത്തരം പോത്തുകള്‍ അത്യപൂര്‍വ്വമാണ്. ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഈ പോത്തിനെ ബക്രീദ് വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ വളര്‍ത്തിയത്. ഇതിനെ ദിവസവും നാല് തവണ കുളിപ്പിച്ച് അതീവ ശ്രദ്ധയോടെയാണ് പരിചരിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ പോത്തിന്റെ ഭാരം കുറയാന്‍ തുടങ്ങിയെന്നും, തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നുവെന്നും ഫാം ഉടമ വ്യക്തമാക്കുന്നു.
ആളുകളുടെ പ്രിയങ്കരനായ തന്റെ പോത്തിനെ വില്‍ക്കേണ്ടി വരുന്നതിലും പിരിയുന്നതിലും വലിയ സങ്കടമുണ്ടെന്നാണ് ഉടമ പ്രതികരിക്കുന്നത്. എന്നിരുന്നാലും ബക്രീദ് വിപണിയിലെ പ്രധാന ആകര്‍ഷണമായി ഈ 'ട്രംപോത്ത്' മാറിക്കഴിഞ്ഞു. സാധാരണക്കാര്‍ മുതല്‍ വലിയ വ്യാപാരികള്‍ വരെ ഈ അപൂര്‍വ്വ പോത്തിനെ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുന്നുണ്ട്.






