
തമിഴ് ചലച്ചിത്ര ലോകത്ത് നടൻ വിക്രമിന്റെ കരിയർ മാറ്റിമറിച്ച സൂപ്പർഹിറ്റ് ചിത്രം ‘കാശി’ റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്നു. മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ ഇടംനേടിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കാശിയുടെ ഓർമ്മകൾ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.
‘തമിഴ് ഫിലിം “കാശി” റിലീസായിട്ട് 25 വർഷമാകുന്നു…1999-ൽ ആണ് കലാഭവൻ മണി നായകനായ “വാസന്തിയും ലഷ്മിയും പിന്നെ ഞാനും” റിലീസായത്. അതിന്റെ തമിഴ് പതിപ്പായ കാശി 2001 -ൽ തീയറ്ററുകളിൽ എത്തി.. സൂപ്പർ ഹിറ്റായി തമിഴ്നാട്ടിൽ ഓടിയ ചിത്രം നിരവധി അവാർഡുകളും നേടി..നടൻ വിക്രം താര പദവിയിലേക്കുയരാൻ നിമിത്തമായ ചിത്രമായിരുന്നു കാശി..ഇളയരാജ സാർ ഈണമിട്ട് ഹരിഹരൻ പാടിയ ഇതിലെ ആറു പാട്ടുകളും ഹിറ്റായിരുന്നു..’ വിനയയന്‍ കുറിച്ചു.
1999-ൽ പുറത്തിറങ്ങിയ സേതു എന്ന ചിത്രത്തിലൂടെയാണ് വിക്രം തമിഴകത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെങ്കിലും, അദ്ദേഹത്തെ ഒരു മികച്ച നടനായും മുൻനിര സൂപ്പർതാരമായും തമിഴ് ജനത നെഞ്ചിലേറ്റിയത് 2001-ൽ പുറത്തിറങ്ങിയ 'കാശി'യിലൂടെയായിരുന്നു. ചിത്രത്തിലെ അന്ധനായ ഗായകന്റെ വേഷം ചെയ്യാൻ വിക്രം നടത്തിയ ശാരീരിക മാറ്റങ്ങളും കഠിനാധ്വാനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡും വിക്രം സ്വന്തമാക്കി. വിക്രമിനെ കൂടാതെ കാവേരി, വിനു ചക്രവർത്തി, തലൈവാസൽ വിജയ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.






