
കണ്ണൂര്‍: മാസപ്പടി കേസിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ നാടകമാണെന്ന് പി.ജയരാജന്. സംഘപരിവാര്‍ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി നിശ്ശബ്ദരാക്കാനാണ് ശ്രമമെന്ന് പ്രതികരിച്ചു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് ഗൂഢാലോചനയുടെ ഫലമാണെന്നും, കേരളത്തിലെ പ്രബുദ്ധ ജനത ഈ രാഷ്ട്രീയക്കളി തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റ് ആയി ഇ.ഡി മാറിയിരിക്കുകയാണ്. രാജ്യത്തുടനീളം കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇതിന്റെ ഇരകളായിട്ടും കേരളത്തില്‍ കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നത് വിരോധാഭാസമാണ്.
കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടതുപക്ഷത്തെ തകര്‍ക്കണമെന്ന് സംഘപരിവാറിനറിയാം; അതിനായി അവര്‍ക്ക് പരവതാനി വിരിച്ചു കൊടുക്കുകയാണ് ഇവിടുത്തെ കോണ്‍ഗ്രസ് ചെയ്യുന്നത്. പിണറായി വിജയനെ വ്യക്തിപരമായി തകര്‍ക്കുക എന്നതിലുപരി, ഇടതുപക്ഷത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന കൃത്യമായ അജണ്ടയാണ് ഈ റെയ്ഡുകള്‍ക്ക് പിന്നിലുള്ളത്.
പിണറായി വിജയനെ ഭയപ്പെടുത്തി കീഴടക്കാമെന്നത് സംഘപരിവാറിന്റെ വെറും വ്യാമോഹം മാത്രമാണ്. ഈ കേന്ദ്ര ഏജന്‍സി നാടകങ്ങളെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിച്ച് തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും പറഞ്ഞു. കണ്ണൂരില്‍ റെയ്ഡ് നടക്കുന്ന മുഖ്യമന്ത്രിയുടെ വസതി നേരിട്ട് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






