
ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷം പങ്കുവെച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളായ ദിവ്യങ്ക ത്രിപാഠിയും വിവേക് ദഹിയയും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പുതിയ ഘട്ടത്തിലേക്ക് കടന്ന വിവരം താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇരട്ട ആൺകുട്ടികളാണ് ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്.
ഇരട്ടക്കുട്ടികളുടെ വരവറിയിച്ച് വിവേക് ദഹിയ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ വരവിനെ സൂചിപ്പിക്കുന്ന ചിത്രത്തോടൊപ്പം വിവേക് കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു:
"ഞങ്ങൾ ദൈവത്തോട് ചോദിച്ചത് ഒരു സന്തോഷമായിരുന്നു... എന്നാൽ ദൈവം പറഞ്ഞു, 'ഇരട്ടിയായി എടുത്തോളൂ.' ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചു... 'ദി ബോയ്സ്' എത്തിക്കഴിഞ്ഞു. ജീവിതം ഞങ്ങൾ ഭാവനയിൽ കണ്ടതിനേക്കാൾ മനോഹരമായി തോന്നുന്നു. എന്റെ കരൺ അർജുൻമാർ എത്തിക്കഴിഞ്ഞു!"
പ്രസിദ്ധ ബോളിവുഡ് ചിത്രമായ 'കരൺ അർജുൻ' എന്ന സിനിമയിലെ ഐക്കണിക് ഡയലോഗ് ചേർത്തുകൊണ്ടുള്ള വിവേകിന്റെ ഈ പോസ്റ്റ് ആരാധകർക്കിടയിൽ വൻ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാതാപിതാക്കളായുള്ള തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ദമ്പതികൾ അഭ്യർത്ഥിച്ചു. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നത്.
'യേ ഹേ മൊഹബ്ബത്തീൻ' എന്ന സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരയുടെ സെറ്റിൽ വെച്ചാണ് ദിവ്യങ്കയും വിവേകും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും 2016-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. സ്ക്രീനിലെ മികച്ച കെമിസ്ട്രിയിലൂടെയും യഥാർത്ഥ ജീവിതത്തിലെ ശക്തമായ പരസ്പര ബന്ധത്തിലൂടെയും വർഷങ്ങളായി ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് ഇവർ.
'ബനൂ മേം തേരി ദുൽഹൻ' എന്ന പരമ്പരയിലൂടെയും 'നാച്ച് ബലിയേ 8', 'ഖത്രോൺ കെ ഖിലാഡി 11' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും ദിവ്യങ്ക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയപ്പോൾ, വിവേകും തന്റെ അഭിനയമികവുകൊണ്ട് ടെലിവിഷൻ രംഗത്ത് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വരവോടെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ താരദമ്പതികൾ






