
കാന്താര സിനിമയിലെ ദൈവക്കോലത്തെ വികലമായി അനുകരിച്ച് സംസാരിച്ചതിന് കേസില്‍ കുടുങ്ങിയ ബോളിവുഡ് നടന് രണ്‍വീര്‍ സിങ് ഹൈക്കോടതി നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ചാമുണ്ഡേശ്വരീക്ഷേത്രം സന്ദര്‍ശിച്ചു. നിരുപാധികം മാപ്പുപറയുകയും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പുചോദിക്കാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുളള കേസ് കഴിഞ്ഞ മാസം ഹൈക്കോടതി തളളിയിരുന്നു. രാവിലെ ഏഴരയോടെയാണ് നടന് ചാമുണ്ഡിമലയിലെ ക്ഷേത്രത്തിലെത്തിയത്.
കഴിഞ്ഞ നവംബറിൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ, കാന്താരയിലെ നടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർ സിങ്ങിന്റെ വിവാദമായ അനുകരണം. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ചാമുണ്ഡിദേവിയെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ബെംഗളൂരു പോലീസ് നടനെതിരെ കേസെടുത്തത്.
കേസ് തളളണമെന്നാവശ്യപ്പെട്ട രണ്‍വീര്‍സിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചോദിക്കാന്‍ തയാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രണ്‍വീര്‍സിങ്ങിന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്നാണ് കേസ് തളളിയത്. നാലാഴ്ചക്കുളളില്‍ ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.






