
തിരുവനന്തപുരം: ഒടുവില്‍ പിണറായി വിജയന്റെ ഇടപെടലില്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്കി സിപിഎം. മൂന്നു വര്‍ഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നല്‍കുന്നത്. പിബി അംഗം പിണറായി വിജയന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിര്‍ദേശം നല്‍കിയതോടെയാണ് പാര്‍ട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസില്‍ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തില്‍ നിന്ന് നീക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടി അംഗത്വം ബിനീഷ് കോടിയേരിക്ക് നല്‍കാത്തതിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടായിരുന്നു.
ലഹരിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടര്‍ന്ന്, 2023-ല്‍ കേസില്‍ നിന്നും പൂര്‍ണമായും കുറ്റവിമുക്തനായെങ്കിലും അംഗത്വം പുതുക്കിനല്കാന് പാര്‍ട്ടിനേതാക്കള്‍ തയ്യാറായിരുന്നില്ല. ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള ശുപാര്‍ശ നല്‍കിയിട്ടും സംസ്ഥാന നേതൃത്വം അതൊന്നും പരിഗണിച്ചിരുന്നില്ല.
ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും കിട്ടിയിരുന്നത്. ഇപ്പോള്‍ പ്രതിപക്ഷനേതാവും സിപിഎമ്മിന്റെ നിലവിലെ സീനിയര്‍ നേതാക്കന്മാരില് ഒരാളുമായ പിണറായി വിജയന് തന്നെ നേരിട്ട് ഇടപെട്ടാണ് വിഷയത്തില്‍ നീക്കുപോക്കുണ്ടാക്കിയത്. എസ്എഫ്ഐ അംഗമായിരിക്കേയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. 2001 മുതല്‍ 2020 വരെ തുടര്‍ച്ചയായി ബിനീഷിനു പാര്‍ട്ടിയില്‍ അംഗത്വമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പിണറായിയുടെ വീട്ടിലെ റെയ്ഡില്‍ പ്രതിഷേധിക്കാന്‍ ബിനീഷുമുണ്ടായിരുന്നു.






