
കണ്‍ഫേംഡ് ടിക്കറ്റ് ഉണ്ടായിട്ടും യാത്രക്കാര്‍ക്ക് ബെര്‍ത്ത് നിഷേധിച്ച സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കനത്ത പിഴ ചുമത്തി ബിഹാറിലെ ഭോജ്പൂര് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്. ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടി തുകയാണ് റെയില്‍വേ പിഴയായി ഒടുക്കേണ്ടത്. കണ്‍ഫേംഡ് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന നാല് യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്. 'ബാര്‍ ആന്‍ഡ് ബെഞ്ച്' റിപ്പോര്‍ട്ട് പ്രകാരം എല്‍.ടി.ടി പട്ന എക്സ്പ്രസില്‍ ഉത്തര്‍പ്രദേശിലെ വിന്ധ്യാചലില്‍ നിന്ന് ബിഹാറിലെ ആരായിലേക്ക് യാത്ര ചെയ്ത നാല് പേരുടെ പരാതിയിലാണ് കമ്മീഷന്റെ ഈ ശക്തമായ നടപടി.
യാത്രക്കാര്‍ ട്രെയിനില്‍ കയറിയപ്പോള്‍ തങ്ങളുടെ കണ്‍ഫേംഡ് ബെര്‍ത്തുകളില്‍ റെയില്‍വേ ജീവനക്കാര്‍ തന്നെ ഇരിക്കുന്നതാണ് കണ്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സീറ്റുകള്‍ ഒഴിഞ്ഞുതരണമെന്ന് റെയില്‍വേ ജീവനക്കാരോട് പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ സേവന പോരായ്മ കാരണം യാത്രക്കാര്‍ക്ക് കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി കൃഷ്ണ പ്രതാപ് സിംഗ്, കമല്‍ കിഷോര്‍ സിംഗ് എന്നിവരടങ്ങിയ കമ്മീഷന് ബെഞ്ച് നിരീക്ഷിച്ചു.
ടിക്കറ്റ് ബുക്കിംഗ് തുകയായ 1,876.80 രൂപ 8% വാര്‍ഷിക പലിശ സഹിതം തിരികെ നല്‍കാനും, ഇതിന് പുറമെ 20,000 രൂപ നഷ്ടപരിഹാരമായും, 15,000 രൂപ കോടതിച്ചെലവായും പരാതിക്കാര്‍ക്ക് നല്കാന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയോടും റെയില്‍വേ മന്ത്രാലയത്തോടും കമ്മീഷന് ഉത്തരവിട്ടു. വിധി വന്ന് 60 ദിവസത്തിനകം ഈ തുക നല്‍കണം. നിശ്ചിത സമയത്തിനകം തുക നല്കാന് തയ്യാറായില്ലെങ്കില്‍, 10% വാര്‍ഷിക പലിശയോടെ നിയമനടപടികളിലൂടെ ഈ തുക ഈടാക്കാന്‍ പരാതിക്കാരന് അവകാശമുണ്ടായിരിക്കുമെന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കിയിട്ടുണ്ട്.






