
ജപ്പാനിലെ മലയോര മേഖലയില്‍ ട്രെക്കിംഗ് നടത്തുന്നതിനിടയില്‍ കുടിവെള്ളം തീര്‍ന്നുപോയ ഒരു ഇന്ത്യന്‍ സഞ്ചാരിക്ക് നാട്ടുകാരായ പ്രായമായ ഒരു ദമ്പതികളില്‍ നിന്ന് ലഭിച്ച അവിസ്മരണീയമായ ആതിഥ്യമര്യാദയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആദിത്യ പാര്‍ഖി എന്ന യുവാവാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ഈ മനോഹരമായ അനുഭവം പങ്കുവെച്ചത്. ജപ്പാനിലെ അമാമി എന്ന ഗ്രാമത്തില്‍ ട്രെക്കിംഗ് നടത്തുന്നതിനിടയില്‍ കൈവശമുണ്ടായിരുന്ന വെള്ളം തീര്‍ന്നുപോയതോടെയാണ് ആദിത്യ സഹായം അഭ്യര്‍ത്ഥിച്ച് അടുത്തുള്ള ഒരു വീടിന്റെ പടിവാതില്ക്കല് എത്തിയത്. സമീപത്ത് വെള്ളം വാങ്ങാന്‍ കിട്ടുന്ന കഫേകള്‍ വല്ലതുമുണ്ടോ എന്നായിരുന്നു യുവാവ് തിരക്കിയത്.
എന്നാല്‍, ആദിത്യയോട് സംസാരിച്ച പ്രായമായ ആ ജപ്പാന്കാരന് കഫേയെക്കുറിച്ച് പറയുന്നതിന് പകരം അവന് കുടിക്കാന്‍ ജ്യൂസ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സംഭാഷണം വളരെ പെട്ടെന്ന് തന്നെ സൗഹൃദപരമായി മാറി. യുവാവ് ജപ്പാനിലാണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കിയ അദ്ദേഹം ജോലി വിശേഷങ്ങള്‍ തിരക്കി. താന്‍ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് ആദിത്യ വ്യക്തമാക്കിയതോടെ വീടിനുള്ളില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യയും ഇവര്‍ക്കൊപ്പം സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.
ഇന്ത്യന്‍ ഭക്ഷണങ്ങളോടുള്ള തങ്ങളുടെ താല്പര്യമാണ് പിന്നീട് ആ പ്രായമായ സ്ത്രീ പങ്കുവെച്ചത്. തനിക്ക് ഇന്ത്യന്‍ കറികള്‍ വളരെ ഇഷ്ടമാണെന്ന് അവര്‍ പറഞ്ഞു. ബിരിയാണി കഴിച്ചിട്ടുണ്ടോ എന്ന് ആദിത്യ ചോദിച്ചപ്പോള്‍, ബിരിയാണി താന്‍ കഴിച്ചിട്ടുണ്ടെന്നും അത് വളരെ രുചികരമാണെന്നും അവര്‍ മറുപടി നല്കി. വെറുമൊരു ജ്യൂസില്‍ ഒതുക്കാതെ, ഉച്ചഭക്ഷണം കൂടി കഴിഞ്ഞേ പോകാവൂ എന്ന് ദമ്പതികള്‍ നിര്‍ബന്ധിക്കുകയും ആദിത്യയ്ക്കായി പ്രത്യേകം 'ഹെര്‍ബല്‍ വെജ് നാന്' തയ്യാറാക്കി നല്‍കുകയും ചെയ്തു.
വളരെ രസകരമായ മറ്റ് ചില നിമിഷങ്ങളും ആ കൂടിക്കാഴ്ചയില്‍ ഉണ്ടായി. ആദിത്യയ്ക്ക് നല്ല നീളമുള്ള മൂക്കാണെന്നും അവന് കാണാന്‍ സുന്ദരനും മിടുക്കനുമായതിനാല് പെണ്‍കുട്ടികള്‍ക്കിടയില്‍ പ്രിയങ്കരനായിരിക്കുമെന്നും ആ സ്ത്രീ തമാശയായി പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് മടങ്ങാന്‍ നേരം യാത്രയില്‍ ഉടനീളം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അവര്‍ ആദിത്യയെ ഓര്‍മ്മിപ്പിച്ചു. ജപ്പാന്‍കാരുടെ ഈ സ്നേഹവും സംസ്കാരവും അതിശയകരമാണെന്നും അവരുടെ ആതിഥ്യമര്യാദ ഹൃദയസ്പര്ശിയാണെന്നുമാണ് വീഡിയോയ്ക്ക് താഴെ നിരവധി ആളുകള്‍ കമന്റ് ചെയ്യുന്നത്.






