
ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സോണിയ ഗാന്ധി പ്രധാനമായി നിർദേശിച്ചത്. ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയും അവർ ഡി.കെ. ശിവകുമാറിനെ അറിയിച്ചു. ഫോൺ കോളിന് ഡി.കെ. ശിവകുമാർ നന്ദി രേഖപ്പെടുത്തി.
ഡി.കെ. ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. മലയാളികളായ കെ.ജെ. ജോർജും യു.ടി. ഖാദറും ഉൾപ്പെടെ 11 മന്ത്രിമാർ ഇന്ന് അധികാരമേൽക്കും. ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുക്കും. കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായാണ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.






