
പ്രീമിയം മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലേക്ക് പുതിയ മോഡലുകളായ വിവോ എസ്60, എസ്60ഇ എന്നിവ അവതരിപ്പിച്ച് വിവോ. ചൈനയില്‍ സ്റ്റാറി സീ, എര്‍ലി സമ്മര്‍ ഗ്രീന്‍, മിഡ്സമ്മര്‍ നൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണുകള്‍ ലഭ്യമാകുന്നത്. എസ്60ഇയുടെ പ്രാരംഭ വില 2,899 യുവാനും എസ്60യുടെ അടിസ്ഥാന മോഡലിന്റെ വില 3,599 യുവാനുമാണ്. അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലേക്കുള്ള ഈ ഫോണുകളുടെ ലോഞ്ച് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
7,200mAh ശേഷിയുള്ള ബാറ്ററിയാണ് വിവോ എസ്60 സീരീസിലെ ഏറ്റവും വലിയ പ്രത്യേകത. 90W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടെയാണ് ഈ ബാറ്ററി എത്തുന്നത്. ഇത്രയും വലിയ ബാറ്ററി ഉള്‍പ്പെടുത്തിയിട്ടും രണ്ട് ഫോണുകള്‍ക്കും വെറും 7.92 മില്ലിമീറ്റര്‍ കനവും ഏകദേശം 199 ഗ്രാം ഭാരവുമാണ് ഉള്ളത്. വിവോ എസ്60, എസ്60ഇ എന്നീ രണ്ട് മോഡലുകളിലും 1.5K റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള ഈ സ്ക്രീന്‍ മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു. മെറ്റല്‍ ഫ്രെയിമും ഗ്ലാസ് റിയര്‍ പാനലും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രീമിയം ലുക്കും ഫീലും ലഭിക്കും.
പ്രോസസറിന്റെ കാര്യത്തിലാണ് രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. വിവോ എസ്60ല്‍ ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം എസ്60ഇ മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 7500 പ്രോസസറോടെയാണ് എത്തുന്നത്. ഫോട്ടോഗ്രഫിക്കായി ഇരുഫോണുകളിലും 50 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും ഇത് മികച്ച അനുഭവം നല്‍കും.
വിവോ എസ്60ല്‍ 50MP പ്രൈമറി ക്യാമറ, 8MP അള്‍ട്രാ-വൈഡ് ലെന്‍സ്, 3x ഓപ്റ്റിക്കല്‍ സൂമോടുകൂടിയ 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്. എസ്60ഇയില്‍ 50MP പ്രൈമറി ക്യാമറയും 8MP അള്‍ട്രാ-വൈഡ് ലെന്‍സും മാത്രമാണ് ലഭിക്കുന്നത്. ഇതുകൂടാതെ, 3D അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്കാനര്‍, സ്റ്റീരിയോ ഡ്യുവല്‍ സ്പീക്കറുകള്‍, IP68, IP69 ഡസ്റ്റ്-വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗുകള്‍ എന്നിവയും ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഗു മെയ് കോംപോണന്റ്' എന്ന പുതിയ ഇന്ററാക്ടീവ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.






