
വിവോ Y500 4G സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചു. ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി ഉള്‍പ്പെടെയുള്ള ചില പ്രധാന സവിശേഷതകളും വിവോ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ കണ്‍സോള്‍ (Google Play Conosle) ഡാറ്റാബേസില്‍ ഈ ഫോണ്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഈ പ്രഖ്യാപനം വരുന്നത്. വിവോ Y500 4G ഫോണില്‍ 1.5K റെസല്യൂഷനുള്ള അമലോഡ് (AMOLED) പാനല്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. അതേസമയം, വിവോ Y500-ന്റെ 5G പതിപ്പില്‍ മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രൊസസറാണ് (MediaTek Dimensity 7300 SoC) നല്‍കിയിരിക്കുന്നത്.
വിവോ Y500 4G ഉടന്‍ നേപ്പാളില്‍ പുറത്തിറങ്ങിയേക്കും
വിവോ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവോ Y500 4G സ്മാര്‍ട്ട്ഫോണിന്റെ നേപ്പാളിലെ ലോഞ്ച് ടീസറുകള്‍ പങ്കുവെച്ചു തുടങ്ങി. ഈ ഹാന്‍ഡ്സെറ്റിന് 1.5K ഇന്‍ഫിനിറ്റി അമലോഡ് ഡിസ്പ്ലേയും 8,100mAh ബ്ലൂവോള്‍ട്ട് (BlueVolt) ബാറ്ററിയും ഉണ്ടാകുമെന്ന് ടീസറുകള്‍ സ്ഥിരീകരിക്കുന്നു. ഫോണ്‍ പുറത്തിറക്കുന്ന കൃത്യമായ തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രൊമോഷണല്‍ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത് ലോഞ്ച് അധികം വൈകില്ലെന്നാണ്.
മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഒരു 'അള്‍ട്രാ-സ്മൂത്ത് പ്രൊസസര്‍' ആയിരിക്കും വിവോ Y500 4G-ല്‍ ഉണ്ടാവുകയെന്ന് ടീസറുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ചിപ്സെറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വെള്ള നിറത്തിലുള്ള ഫോണിന്റെ പുറകില്‍ ലംബമായി (vertically) ക്രമീകരിച്ചിരിക്കുന്ന ക്യാമറ മോഡ്യൂളാണ് ടീസറുകളില്‍ കാണിച്ചിരിക്കുന്നത്. അടുത്തിടെ യൂണിസോക്ക് T7300 (Uniosc T7300) പ്രൊസസറോടെ വിവോ Y500 4G ഗൂഗിള്‍ പ്ലേ കണ്‍സോളില്‍ കണ്ടെത്തിയിരുന്നു. ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റവും 8 ജിബി റാമും ഈ ഫോണില്‍ പ്രതീക്ഷിക്കാം.
വിവോ Y500-ന്റെ 5G പതിപ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചൈനയില്‍ പുറത്തിറക്കിയത്. ഇതിന്റെ പ്രാരംഭ വില ഏകദേശം 1,399 യുവാന്‍ (ഏകദേശം 17,000 ഇന്ത്യന്‍ രൂപ) ആയിരുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രൊസസറുള്ള ഈ 5G ഫോണില്‍ 12GB വരെയുള്ള LPDDR4x റാമും, 512GB വരെയുള്ള UFS 3.1 ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. 120Hz റിഫ്രഷ് റേറ്റ് നല്‍കുന്ന 6.77 ഇഞ്ച് അമലോഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്.
ക്യാമറകളുടെ കാര്യമെടുത്താല്‍, വിവോ Y500 5G-യുടെ പുറകില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 90W വൈയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 8,200mAh ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണമേകുന്ന IP68 + IP69 + IP69+ റേറ്റിംഗുകളും ഈ ഫോണിനുണ്ട്.






