
നിര്‍മ്മിത ബുദ്ധി (എഐ) ഉപയോഗിച്ച് ലോകത്തിലാദ്യമായി രൂപകല്‍പ്പന ചെയ്ത ഒരു കോവിഡ് വാക്സിന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരാണ് ഈ വലിയ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നിലവിലുള്ള കോവിഡ് വാക്സിനുകളെല്ലാം കൊറോണ വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക് പ്രോട്ടീനുകളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ പുതിയതായി വികസിപ്പിച്ച എഐ വാക്സിന് വൈറസിന്റെ ഘടനയിലെ മറ്റ് സുപ്രധാന ഭാഗങ്ങളെക്കൂടി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
വൈറസിന്റെ മറ്റ് ഭാഗങ്ങളെ ലക്ഷ്യമിടുന്നതിലൂടെ, ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏത് പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെയും മികച്ച പ്രതിരോധം തീര്‍ക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പ്രകൃതിദത്തമായി ഉണ്ടാകുന്ന പ്രതിരോധ ശേഷിയേക്കാളും ശക്തമായ പ്രതിരോധമാണ് ഈ വാക്സിന് നല്‍കുന്നത്. മൃഗങ്ങളില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നുവെന്നും, നിലവിലുള്ള വാക്സിനുകളേക്കാള്‍ മികച്ച ഫലമാണ് ഇത് കാണിച്ചതെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ശാസ്ത്രലോകത്ത് വലിയൊരു നാഴികക്കല്ലാകുന്ന ഈ കണ്ടുപിടിത്തം കോവിഡ് പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാക്സിന് നിര്‍മ്മിച്ചതിലൂടെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും വളരെ വേഗത്തില്‍ വാക്സിനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുമെന്നും ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.






