
മലയാളികളെ ചിരിപ്പിച്ചുണർത്തിയ ഹാസ്യനടൻ എന്നതിനപ്പുറം, പ്രേക്ഷകന്റെ ഉള്ളുലയ്ക്കാൻ കെൽപ്പുള്ള അതുല്യ പ്രതിഭയായിരുന്നു സലിം കുമാർ എന്ന് ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. സലിം കുമാറിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ അവിസ്മരണീയമായ കഥാപാത്രങ്ങളെ ഓർത്തെടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരിനാരായണൻ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. മണവാളനും സ്രാങ്കും വിതറിയ ചിരിക്കപ്പുറം, കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് ജീവിച്ച ഒരു മികച്ച നടന്റെ പകർന്നാട്ടങ്ങളെ അദ്ദേഹം കുറിപ്പിൽ അക്കമിട്ട് നിരത്തുന്നു.
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും അതേസമയം തന്നെ അങ്ങേയറ്റം സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്ത സലിം കുമാറിന്റെ അഭിനയ വൈഭവം മലയാള സിനിമയ്ക്ക് എക്കാലവും ഒരു വലിയ നഷ്ടം തന്നെയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹരിനാരായണൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബി.കെ. ഹരിനാരായണൻ പങ്കുവെച്ച കുറിപ്പിന്റെ പൂര്ണരൂപം
‘ഗ്രാമഫോൺ സിനിമയിലെ 'എന്തേ ഇന്നും വന്നീല'എന്ന പാട്ട് വെറുതെയെടുത്ത് കാണുകയായിരുന്നു. ഹാസ്യത്തിനപ്പുറം എന്തൊരു ചന്തമാണ് , 'തബലിസ്റ്റ് ഭാസ്കര ' നിലേക്കുള്ള ഒരു നടൻ്റെ പകർന്നാട്ടത്തിന് ! വെള്ളത്തിൽ നിന്ന് കുളിച്ച് കേറി തബലക്ക് മുന്നിൽ വന്നുള്ള ആ ഇരിപ്പിന് ! ശരീരമൊന്നുയർത്തി മുഖം പ്രത്യേകരീതിയിൽ പിടിച്ച് , തബലയിലേക്ക് കൈകൾ വയ്ക്കുന്നതു കാണാൻ എന്തൊരു നിറവാണ് !
എത്ര സൂക്ഷ്മതയോടേയും ഒതുക്കത്തോടെയുമാണ് അയാൾ 'അച്ഛനുറങ്ങാത്ത വീടി' ലെ സാമുവൽ ആയി മാറുന്നത്. ഒരു പിതാവിൻ്റെ നിസ്സഹായതയും വേദനയും ആവിഷ്കരിക്കാൻ അവിടെ സംഭാഷണങ്ങളുടെ പോലും ആവശ്യമില്ല, .ഒറ്റ നോട്ടത്തിൽ നമ്മൾ പൊള്ളിപ്പോകും .
ആദാമിൻ്റെ മകനായ അബുവായി സലിം കുമാർ ജീവിക്കയാണ്...മക്കത്തു പോകാനുള്ള ആ പെടച്ചിലിനും , അലച്ചിലിനുമൊപ്പം നമ്മുടെ മനസ്സിനേയും അയാൾ " കിനാവിൻ്റെ മിനാരത്തിലേക്ക് "കൂടെ കൂട്ടും !
'കേരളകഫേ 'യുടെ ഭാഗമായ അൻവർ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജി 'ലെ മണികണ്ഠനെ പരാമർശിക്കാതെ വയ്യ.. തമാശയുടെ ചട്ടക്കൂട് വിട്ട് , ഗൗരവമായ പകർന്നാട്ടങ്ങൾക്ക് സലിംകുമാർ തുടക്കം കുറിച്ച വേഷം അതായിരിക്കാം ..അതുവരെ ഹാസ്യ കഥാപാത്രങ്ങളിലും മാത്രം സലിം കുമാറിനെ കണ്ട് ശീലിച്ച പ്രേക്ഷകർക്ക് മുന്നിലേക്കാണ് അങ്ങേയറ്റം ദരിദ്രനും നിസ്സഹായനുമായ 'മണികണ്ഠൻ' എത്തുന്നത്. ഉള്ളുലയ്ക്കുന്ന ഭാവങ്ങൾ ഒപ്പിയെടുക്കാൻ കഴിയുന്ന മികച്ചൊരു നടൻ തന്നിലുണ്ടെന്ന് അദ്ദേഹം തെളിയിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.കായൽ പരപ്പിന് മുകളിലെ പാലത്തിലൂടെ അമ്മയെയും കൊണ്ട് പോകുന്ന ആ ഒരു കാഴ്ച മാത്രം മതി സലിംകുമാറെന്ന നടനെ അറിയാൻ
അങ്ങനെ എത്രയോ കഥപാത്രങ്ങൾ . മണവാളനും , സ്രാങ്കും വിതറിയ ചിരിക്കപ്പുറം കഥാപാത്രത്തെ അറിഞ്ഞ് , അതിനുളളിലേക്ക് കടന്ന അഭിനയത്തിൻ്റെ കയ്യൊതുക്കം !വിട ! വിസ്മയിപ്പിച്ച ആ നടനമികവിന്’






