
മനില: തിങ്കളാഴ്ച പുലര്‍ച്ചെ തെക്കന്‍ ഫിലിപ്പീന്‍സിന്റെ ഒരു ഭാഗത്ത് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഇത് ഒരു പ്രധാന തീരദേശ നഗരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ചില പ്രാദേശിക തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അനേകര്‍ തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനകളുണ്ട്. 700,000 ജനസംഖ്യയുള്ള ഈ തീരദേശ നഗരം മിന്ദനാവോ ദ്വീപിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. ട്യൂണ മത്സ്യസംസ്കരണ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണിത്. ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജി നല്കുന്ന വിവരമനുസരിച്ച്, രാവിലെ 7:37 നാണ് ഭൂകമ്പമുണ്ടായത്.
ജനറല്‍ സാന്റോസിന് 13 കിലോമീറ്റര്‍ (8 മൈല്‍) തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചില തീരങ്ങളില്‍ 3 മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ തീരങ്ങളില്‍ 1 മീറ്റര്‍ (3 അടി) വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. തായ്വാന്, ജപ്പാന്, ഗുവാം, പാപുവ ന്യൂ ഗിനിയ, പടിഞ്ഞാറന്‍ പസഫിക്കിലെ മറ്റ് ചില ദ്വീപ് രാജ്യങ്ങള്‍, പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ സമുദ്ര വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം.
വടക്കന്‍-മധ്യ ഇന്തോനേഷ്യയിലും ജനങ്ങള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ സുലവേസി, വടക്കന്‍ മലുകു പ്രവിശ്യകളിലെ ചില തീരങ്ങളില്‍ 18 സെന്റീമീറ്റര്‍ (7 ഇഞ്ച്) വരെ ഉയരമുള്ള സുനാമി തിരമാലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനിലയില്‍ ഒരു ചെറിയ വാണിജ്യ കെട്ടിടം ഭാഗികമായി തകരുകയും ജീവനക്കാര്‍ പരിക്കുകളില്ലാതെ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.






