
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 1,320 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,760 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയാണ് ഇന്നത്തെ നിരക്ക്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ സമ്മർദം സൃഷ്ടിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും സ്വർണവിലയിലെ ഇടിവിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, അമേരിക്ക–ഇറാൻ ബന്ധത്തിലെ സംഘർഷം ലഘൂകരിച്ചതിനെ തുടർന്ന് എണ്ണവിലയിൽ ഉണ്ടായ ഇടിവും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്.






