
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പിറക്കുന്നത് സിക്സറുകളും ഫോറുകളും മാത്രമല്ല, പരിസ്ഥിതിക്ക് ഗുണകരമായ വലിയൊരു നേട്ടം കൂടിയാണ്. ഐപിഎല്ലിലെയും വനിതാ പ്രീമിയര്‍ ലീഗിലെയും (ഡബ്ല്യുപിഎല്‍) മത്സരങ്ങളില്‍ ബൗളര്‍മാര്‍ എറിയുന്ന ഓരോ 'ഡോട്ട് ബോളിനും' (റണ്‍സ് വിട്ടുകൊടുക്കാത്ത പന്തുകള്‍) പകരം 500 വൃക്ഷത്തൈകള്‍ വീതം നട്ടുപിടിപ്പിക്കുന്ന 'ഗ്രീന്‍ ഡോട്ട് ബോള്‍ ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയാണ് നിലവിലുള്ളത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) ഉത്തരവിനെ തുടര്‍ന്ന് 2023 മുതല്‍ ബിസിസിഐയും ടാറ്റ ഗ്രൂപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഈ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്.
ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പരിപാലിക്കുന്നതിനായി വന്‍തോതില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നതിനെതിരെ 2018-ല്‍ അല്‍വാര്‍ സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് ഹൈദര്‍ അലി (22) സമര്‍പ്പിച്ച ഹര്‍ജിയാണ് ഈ ഹരിത വിപ്ലവത്തിന് വഴിയൊരുക്കിയത്. ജയ്പുര്‍, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ സ്റ്റേഡിയങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം പാഴാക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. തുടര്‍ന്ന് നടപടി സ്വീകരിച്ച എന്‍ജിടി, സ്റ്റേഡിയങ്ങളില്‍ ഭൂഗര്‍ഭജലം വിവേചനരഹിതമായി ഉപയോഗിക്കുന്നത് നിരോധിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും ചെയ്തു. കൂടാതെ, 2021-ലെ ഉത്തരവിലൂടെ സ്റ്റേഡിയങ്ങളില്‍ മലിനജലം സംസ്കരിച്ച് ഉപയോഗിക്കുന്നതിനായി എസ്ടിപി പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും സ്റ്റേഡിയം വരുമാനത്തിന്റെ ഒരു ഭാഗം പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവയ്ക്കണമെന്നും എന്‍ജിടി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് 2023-ല്‍ വൃക്ഷത്തൈ നടീല്‍ പദ്ധതിക്ക് തുടക്കമിട്ടത്.
തുടക്കത്തില്‍ കുറച്ചു മത്സരങ്ങളില്‍ മാത്രമായിരുന്ന പദ്ധതി ഇപ്പോള്‍ എല്ലാ മത്സരങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 2023 മുതല്‍ ഐപിഎല്ലിലും ഡബ്ല്യുപിഎല്ലിലുമായി ഏകദേശം 9,800 ഡോട്ട് ബോളുകള്‍ എറിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഇതുപ്രകാരം രാജ്യത്ത് ഒട്ടാകെ 49 ലക്ഷത്തോളം തൈകള്‍ നടേണ്ടതുണ്ട്. 2023-ലെ ഐപിഎല്ലിലെ അവസാന നാല് മത്സരങ്ങളില്‍ നിന്നുള്ള 250 ഡോട്ട് ബോളുകള്‍ക്ക് പകരമായി 1,25,000 തൈകള്‍ നട്ടുപിടിപ്പിച്ചുവെന്ന് ബിസിസിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, വാഗ്ദാനം ചെയ്ത ഈ തൈകള്‍ രാജ്യത്ത് എവിടെയൊക്കെയാണ് നട്ടതെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ഹൈദര്‍ അലി ഇപ്പോള്‍ വീണ്ടും ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
2026 ഐപിഎല്‍ ഫൈനലിന് മുന്നോടിയായുള്ള കണക്കുകള്‍ പ്രകാരം ടൂര്‍ണമെന്റില്‍ ഇതുവരെ 5,400 ഡോട്ട് ബോളുകള്‍ പിറന്നിട്ടുണ്ട്. ഇതിലൂടെ മാത്രം ഇത്തവണ 27 ലക്ഷം തൈകള്‍ നടാന്‍ തീരുമാനമായിട്ടുണ്ട്. ഈ സീസണില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ സമ്മാനിച്ചത് മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ്. മൈതാനത്ത് റണ്‍സ് വഴങ്ങാതെ ഈ ബൗളര്‍മാര്‍ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ലക്ഷക്കണക്കിന് മരങ്ങള്‍ നാമ്പിടാന്‍ കാരണമാകുന്നത്.






