
ബോളിവുഡ് താരം വരുണ്‍ ധവാന്റെയും നടാഷ ദലാലിന്റെയും മകള്‍ ലാറയുടെ രണ്ടാം ജന്മദിനാഘോഷത്തില് നിന്നുളള മനോഹരമായൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഘോഷത്തില്‍ തിളങ്ങിയത് മറ്റാരുമല്ല, നടി ആലിയ ഭട്ടും മകള്‍ റാഹ കപൂറുമാണ്. അമ്മയുടെയും മകളുടെയും ക്യൂട്ട് നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ജൂണ്‍ 3 നായിരുന്നു ലാറയുടെ ജന്മദിനം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു അത്. പാര്‍ട്ടിയിലെ പ്ലേ ഏരിയയില്‍ കുട്ടികള്‍ക്കൊപ്പം റാഹ ഓടിക്കളിക്കുന്നതും, ആലിയ മകളെ അരികിലേക്ക് വിളിച്ച് കൈപിടിക്കുന്നതുമാണ് വീഡിയോയിലുളളത്. കറുത്ത ടോപ്പും ജീന്‍സും ധരിച്ച് കാഷ്വല്‍ ലുക്കിലാണ് ആലിയ എത്തിയത്. നീല ബോയുളള പിങ്ക്- വൈറ്റ് ചെക്കേര്‍ഡ് ഫ്രോക്കില്‍ അതീവ സുന്ദരിയായിരുന്നു റാഹ.
Alia Bhatt at lara dhawan 's birthday party ! #varundhawan #natashadalal #aliabhatt #rahabhattkapoor@Varun_dvn pic.twitter.com/IPu0po82Rc
— Sakshi Jha (@Sakshi_jha_09) June 8, 2026
സിനിമയ്ക്കു പുറമെ വ്യക്തിജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ ആലിയയുടെയും വരുണിന്റെയും മക്കളുടെ ഈ ഒത്തുചേരല്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. 2012-ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന ചിത്രത്തിലൂടെ ഒന്നിച്ച് അരങ്ങേറ്റം കുറിച്ചവരാണ് വരുണ്‍ ധവാനും ആലിയ ഭട്ടും. പിന്നീട് 'ഹംപ്റ്റി ശര്‍മ്മ കി ദുല്‍ഹനിയ', 'ബദ്രിനാഥ് കി ദുല്‍ഹനിയ' തുടങ്ങിയ വന്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഓണ്‍-സ്ക്രീന്‍ ജോഡികളായി ഇവര്‍ മാറി.
2022 നവംബറിലാണ് ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും റാഹ ജനിക്കുന്നത്. വരുണിനും നടാഷയ്ക്കും 2024 ജൂണിലാണ് ലാറ ജനിച്ചത്. മാതാപിതാക്കളായ ശേഷവും തങ്ങളുടെ പഴയ സൗഹൃദം താരങ്ങള്‍ അതേപടി കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം കുടുംബ നിമിഷങ്ങള്‍.






