
തമിഴ് ചലച്ചിത്ര ലോകത്തെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടി ഖുശ്ബു സുന്ദർ. നമ്മളെയെല്ലാം ഏറെ സ്നേഹിച്ച, നമ്മൾ ഏറെ ബഹുമാനിച്ച ഭാരതിരാജ സർ ഇനി നമ്മോടൊപ്പമില്ല എന്ന വാർത്ത അതീവ വേദനയോടെയാണ് കേട്ടതെന്ന് ഖുശ്ബു കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് മേൽ വീണ കരിനിഴലാണെന്നും താരം കൂട്ടിച്ചേർത്തു.
ഭാരതിരാജ സൃഷ്ടിച്ച സിനിമകൾ എന്നും ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലുകളായിരുന്നു. വരുംതലമുറകൾക്ക് ചലച്ചിത്ര നിർമ്മാണത്തിന്റെ യഥാർത്ഥ പാഠശാലയായി ആ ചിത്രങ്ങൾ നിലകൊള്ളും. ഓരോ സിനിമാ പ്രേമിക്കും വേണ്ടി വലിയൊരു പൈതൃകമാണ് അദ്ദേഹം അവശേഷിപ്പിച്ചു പോകുന്നതെന്നും ഖുശ്ബു അനുസ്മരിച്ചു.
‘നമ്മുടെയൊക്കെ ഏറ്റവും പ്രിയപ്പെട്ടവനും സ്നേഹിക്കപ്പെടുന്നവനും ആദരണീയനുമായ ലെജൻഡറി ഡയറക്ടർ ഭാരതി രജ അവർകൾ ഇനി നമ്മോടൊപ്പമില്ല എന്നറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമയ്ക്ക് ഒരു കരിനിഴലാണ്. അദ്ദേഹത്തിന്റെ സിനിമകൾ എന്നും മാതൃകകളായിരുന്നു, ഇനിയും അത് ചലച്ചിത്ര നിർമ്മാണത്തിന്റെ യഥാർത്ഥ പാഠശാലയായി തുടരുകയും ചെയ്യും. ഓരോ സിനിമാ പ്രേമിക്കും വേണ്ടി വലിയൊരു പൈതൃകമാണ് അദ്ദേഹം അവശേഷിപ്പിച്ചു പോകുന്നത്.
"എന്നെ രണ്ട് മെടച്ചിലുകളുള്ള (pigtails) വേഷത്തിൽ കാണിച്ച് നമുക്കൊരു സിനിമ ചെയ്യണം" എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് ഇനി ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി അവശേഷിക്കും. സാർ, നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി’ ഖുശ്ബു കുറിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ഭാരതി രാജയുടെ അന്ത്യം. 84 വയസ്സായിരുന്നു. സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് ഭാരതിരാജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.






