
ശ്രീനഗര്‍ : ഉറി സെക്ടറിലെ സൈനിക ക്യാംപില്‍ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. സൈനികരുടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇന്ന് രാവിലെ കമല്‍ക്കോട്ട് ക്യാംപില്‍ പതിവ് ആയുധ ഉപകരണ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
പരിശോധന പുരോഗമിക്കുന്നതിനിടെ ഒരു ഗ്രനേഡ് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന രണ്ടു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികില്‍സയ്ക്കിടെ ഇരുവരും മരണപ്പെട്ടു.
സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ നിന്ന് വിശദമായ റിപോര്‍ട്ട് ലഭിച്ച ശേഷമേ ഔദ്യോഗിക പ്രതികരണം നടത്തുകയുള്ളൂവെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് അറിയിച്ചു.






