
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിക്കിടെ നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ്. മമത ബാനർജിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് സോണിയ ഗാന്ധി ക്ഷണം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനവും മമതയ്ക്ക് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് അഭിഷേക് ബാനർജിയും രാഹുൽ ഗാന്ധിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഇന്ത്യ സഖ്യത്തിന്റെ ഭാവി പരിപാടികളാണ് ചർച്ചയായതെന്നാണ് അഭിഷേക് ബാനർജിയുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചതെങ്കിലും, മമതയെ ഉൾപ്പെടെ കോൺഗ്രസിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങളാണ് ചർച്ചകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് മമത ഇപ്പോൾ കടന്നുപോകുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ ശതമാനം വോട്ടുകൾ നേടിയെങ്കിലും നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും പാർട്ടിക്ക് കൈവിട്ടുപോകുകയും വിമത വിഭാഗം ശക്തിയാർജിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
പാർട്ടിക്കാകെ 28 ലോക്സഭാ എംപിമാരാണുള്ളത്. അതിൽ 23 പേരും വിമത ക്യാംപിലേക്ക് ഇതിനകം എത്തിയതായി റിപ്പോർട്ടുകളുണ്ട്. അഞ്ച് പേർ മാത്രമാണ് നിലവിൽ മമതയ്ക്ക് ഒപ്പമുള്ളത്. ഈ സാഹചര്യത്തിൽ മമത എന്ത് തീരുമാനമെടുക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.






