
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകുന്നതിന് വീണാ വിജയന് സാവകാശം തേടി. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വീണയുടെ ആവശ്യം.
ഈ അപേക്ഷയില്‍ ഇ.ഡി ഇന്ന് തന്നെ അന്തിമ തീരുമാനം കൈക്കൊള്ളും. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ 10.30-ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വീണ വിജയന് ഉള്‍പ്പെടെ 9 പേര്‍ക്കാണ് അന്വേഷണസംഘം സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടോ എന്ന് ഇ.ഡി പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇ.ഡിയുടെ നീക്കം.
നല്‍കാത്ത സേവനത്തിന്റെ പേരില്‍ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയത് വന്‍ തുകയാണെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കണ്ടെത്തല്‍ വീണയ്ക്ക് കനത്ത തിരിച്ചടിയാണ്. എക്സാലോജിക്കുമായുള്ള ഇടപാടുകള്‍ക്ക് ശേഷം 'അറ്റ്ന ടെക്നോളജി' എന്ന മറ്റൊരു സ്ഥാപനവുമായി സിഎംആര്‍എല്‍ ഉണ്ടാക്കിയ കരാറിലെ തുകകള്‍ തമ്മിലുള്ള വലിയ വ്യത്യാസമാണ് കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയിരിക്കുന്നത്.
സിഎംആര്‍എല്‍ ഉടമ ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയില്‍ നിന്ന് വീണയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പ ലഭിച്ച സാഹചര്യം, അതിന്റെ തിരിച്ചടവ് വിവരങ്ങള്‍ എന്നിവയും ഇ.ഡിക്ക് മുന്നില്‍ വിശദീകരിക്കേണ്ടി വരും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്കിയ മൊഴികളുടെയും ലഭ്യമായ ഡിജിറ്റല്‍-ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇ.ഡിയുടെ തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍.






