
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജിയും പരസ്യമായ വിമതനീക്കങ്ങളും മമതയ്ക്ക് വലിയ തലവേദനയാകുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഈ അടിയൊഴുക്കുകള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി പ്രകാശ് ചിക് ബരായ്ക്കാണ് അവസാനം പാര്‍ട്ടിസ്ഥാനം വിട്ടയാള്‍. രാജ്യസഭാംഗത്വം രാജി വെച്ചു. ഈ ഒരൊറ്റ ആഴ്ചയില്‍ മാത്രം രാജി വെയ്ക്കുന്ന മൂന്നാമത്തെ തൃണമൂല്‍ എം.പിയാണ് ഇദ്ദേഹം. 2021-ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്ന മുന്‍ എം.പി സുസ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജി വെച്ചതിന് തൊട്ടുപിന്നാലെയാണ് ബരായ്ക്കിന്റെയും രാജി.
സുസ്മിത ദേവ് ഡല്‍ഹിയിലെത്തി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി. ഈ ആഴ്ച ആദ്യം തന്നെ മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയും പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് രാജ്യസഭാംഗത്വം രാജി വെച്ചിരുന്നു. ബംഗാള്‍ നിയമസഭയിലെ തൃണമൂലിന്റെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് സ്ഥാനാര്‍ത്ഥി ശോഭന്‍ദേവ് ചട്ടോപാധ്യായയെ തള്ളി 58 തൃണമൂല്‍ എംഎല്‍എമാര്‍ വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ പിന്തുണച്ചതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവും മമതയുടെ വിശ്വസ്തയുമായിരുന്ന കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ ലോക്സഭാ എം.പിമാരും കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. തൃണമൂലിന് ആകെ 29 ലോക്സഭാ എം.പിമാരാണുള്ളത്. ഇതില്‍ ആന്റി ഡിഫെക്ഷന്‍ നിയമപ്രകാരം പാര്‍ട്ടി പിളര്‍ത്താന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ എം.പിമാര്‍ ഒപ്പമുണ്ടെന്ന് കാകോലി ഘോഷ് അവകാശപ്പെട്ടു. ഈ വിമത എം.പിമാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വസതിയില്‍ യോഗം ചേരുകയും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ കരുത്ത് പകരും.
ഇതിനിടയില്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഡല്‍ഹിയിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യുമായി ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നത്. രാഹുല്‍ ഗാന്ധി യുടെ നേതൃത്വം അംഗീകരിക്കുന്നതായും ശക്തമായ സഖ്യം വേണമെന്നും തൃണമൂല്‍ വ്യക്തമാക്കി. വ്യാജ ഒപ്പിട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സെര്‍ച്ച് വാറന്റുമായി മമത ബാനര്‍ജിയുടെ വസതിയിലെത്തിയത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.






