
കഴിഞ്ഞ വര്‍ഷത്തെ പോവ 7-ന്റെ പിന്‍ഗാമിയായി പുതിയ 'പോവ 8' ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. മൂന്ന് വ്യത്യസ്ത നിറങ്ങളിലും രണ്ട് റാം-സ്റ്റോറേജ് പതിപ്പുകളിലും എത്തുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം അതിന്റെ പിന്‍ഭാഗത്തുള്ള 'എലൈവ് മാട്രിക്‌സ് ഡിസ്‌പ്ലേ' (Alive Matrix Display) ആണ്. വിവിധ ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ കാണിക്കുന്നതിനായി ഇത് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാവുന്നതാണ്. മീഡിയടെക് ഡൈമന്‍സിറ്റി 7100 ചിപ്‌സെറ്റ്, 8GB വരെയുള്ള റാം, 144Hz റിഫ്രഷ് റേറ്റുള്ള 6.76 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിനുള്ളത്. 8,000mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ് പോവ 8-ല്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ 6GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 29,999 രൂപയാണ് വില. ഇതിന്റെ 8GB + 128GB പതിപ്പിന് 31,999 രൂപയും വരും. 16 ബിറ്റ് വൈറ്റ്, പ്ലാസ്മ ഓറഞ്ച്, ടെര്‍മിനല്‍ ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ടെക്‌നോയുടെ HiOS 16 സ്‌കിന്നിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും 6.76 ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,344 പിക്‌സല്‍) ഐപിഎസ് സ്‌ക്രീനും ഇതിനുണ്ട്. ഫോണിന് 91.29 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും, 381ppi പിക്‌സല്‍ ഡെന്‍സിറ്റിയും, ഹൈ ബ്രൈറ്റ്‌നസ് മോഡില്‍ 950 നിറ്റ്‌സ് വരെയുള്ള ബ്രൈറ്റ്‌നസും, 1500Hz ഇന്‍സ്റ്റന്റേനിയസ് ടച്ച് സാമ്പ്‌ലിംഗ് റേറ്റും ഉണ്ട്.
മാലി-G610 MC2 GPU-മായി ജോടിയാക്കിയ ഒക്ടാ-കോര്‍ 6nm മീഡിയടെക് ഡൈമന്‍സിറ്റി 7100 പ്രൊസസ്സറാണ് പോവ 8-ന് കരുത്ത് പകരുന്നത്. 6GB, 8GB LPDDR5x റാം ഓപ്ഷനുകളിലും 128GB, 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളിലും ഇത് ലഭിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി പ്രത്യേകം സജ്ജീകരിച്ച G1, SE1 സിഗ്‌നല്‍ ചിപ്‌സെറ്റുകളും ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍, 50 മെഗാപിക്‌സല്‍ സോണി LYT-600 പ്രൈമറി റിയര്‍ ക്യാമറയും ഒപ്പം ഒരു ലൈറ്റ് സെന്‍സറുമാണ് പിന്നിലുള്ളത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിരിക്കുന്നു. AI CAM, പോര്‍ട്രെയ്റ്റ് മോഡ്, സൂപ്പര്‍ നൈറ്റ് മോഡ്, ടൈം-ലാപ്‌സ്, ഡ്യുവല്‍ വീഡിയോ, വ്‌ലോഗ് മോഡ്, സ്ലോ മോഷന്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ക്യാമറകള്‍ പിന്തുണയ്ക്കുന്നു.
ഫോണിന് മിലിട്ടറി ഗ്രേഡ് സുരക്ഷ ഉറപ്പാക്കുന്ന MIL-STD-810H സര്‍ട്ടിഫിക്കേഷനും, പൊടിയെയും വെള്ളത്തുള്ളികളെയും പ്രതിരോധിക്കാന്‍ IP64 റേറ്റിംഗും ഉണ്ട്. ഗെയിമിംഗ് സമയത്ത് ചൂട് നിയന്ത്രിക്കുന്നതിനായി 14,689 ചതുരശ്ര മില്ലിമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കൂളിംഗ് സിസ്റ്റവും ഇതിലൊരുക്കിയിരിക്കുന്നു. ഫോണിന്റെ പിന്‍ഭാഗത്തുള്ള എലൈവ് മാട്രിക്‌സ് ഡിസ്‌പ്ലേ വഴി പലതരം ആപ്പ് നോട്ടിഫിക്കേഷനുകള്‍ക്ക് അനുസൃതമായി ലൈറ്റുകള്‍ ക്രമീകരിക്കാന്‍ സാധിക്കും.
45W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 8,000mAh ബാറ്ററിയാണ് പോവ 8-ന്റെ മറ്റൊരു സവിശേഷത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1,198.1 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ സമയവും, പരമാവധി 39.5 മണിക്കൂര്‍ കോളിംഗ് സമയവും, 17.77 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സമയവും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 165.66×78.46×8.8mm വലിപ്പമുള്ള ഫോണിന്റെ ഭാരം 225 ഗ്രാമാണ്.






