
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനിരിക്കെ, പുരുഷൻമാർക്കും സമാനമായ ആനുകൂല്യങ്ങൾ പരിഗണിക്കണമെന്ന് മെൻസ് അസോസിയേഷൻ നേതാവ് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ എതിർക്കുന്ന നിലപാടല്ല തങ്ങളുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. പുരുഷൻമാർക്കും ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങളോ ഇളവുകളോ ലഭിക്കണമെന്നാണ് സംഘടനയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പുരുഷൻമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധവും അതൃപ്തിയും ഉണ്ടെങ്കിലും സ്ത്രീകൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്കെതിരെ ബസ് തടയൽ പോലുള്ള സമരരീതികൾ ശരിയല്ലെന്ന് രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. അത്തരം നടപടികൾ നിയമത്തോടും കെഎസ്ആർടിസിയോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് തടയൽ സമരത്തിന് മെൻസ് കമ്മീഷൻ ഉൾപ്പെടെ ആരുടെയും പിന്തുണയില്ലെന്നും തീവ്രനിലപാടുകളിലേക്ക് ആരും പോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്ന ജൂൺ 15-ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.






