
കോഴിക്കോട്: ജില്ലയില്‍ നിപയ്ക്കും കോളറയ്ക്കും പിന്നാലെ ആശങ്ക വര്‍ദ്ധിപ്പിച്ച് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി തുറയൂര്‍ പഞ്ചായത്തിലെ ഒന്‍പത് വയസ്സുകാരനാണ് പുതുതായി രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കഴിഞ്ഞദിവസം കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയായ നാലരവയസ്സുകാരി ഷിഗെല്ല ബാധിച്ച് മരണപ്പെട്ടിരുന്നു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാല്‍ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.






