
ഹിമാചല് പ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാസോളില് നിന്നുള്ള ഒരു അപകടകരമായ യാത്രാ വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിക്കുന്നത്. ഓടുന്ന കാറിന്റെ സണ്റൂഫിലൂടെയും ജനലുകളിലൂടെയും പുറത്തേക്ക് തൂങ്ങിക്കിടന്നും, കാറിന് മുകളില് കയറി നിന്നും നൃത്തം ചെയ്യുന്നതുമായ ഒരു കൂട്ടം യുവാക്കളുടെ ദൃശ്യങ്ങളാണ് 21 സെക്കന്ഡ് ദൈര്ഘ്യമുള്ള ഈ ക്ലിപ്പിലുള്ളത്. അര്ദ്ധനഗ്നരായ ഇവര് തങ്ങള് ചെയ്യുന്ന പ്രവൃത്തിയുടെ വലിയ അപകടസാധ്യതയെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.
പ്രദേശവാസികളായ സ്ത്രീകളടക്കം പോകുന്ന വഴിയിലൂടെയുള്ള ഈ മാന്യതയില്ലാത്ത പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാന് കഴിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ എക്സില് പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ചുരുക്കം ചില ആളുകള് കാരണം ഒരു സംസ്ഥാനത്തിന്റെ മുഴുവന് പ്രതിച്ഛായയുമാണ് തകരുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാസോള് പോലുള്ള ഹില്സ്റ്റേഷനുകളിലെ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ റോഡുകളില് ഇത്തരം പ്രകടനങ്ങള് നടത്തുന്നത് അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്തതാണെന്ന് സോഷ്യല് മീഡിയയില് വലിയ വിമര്ശനം ഉയരുന്നുണ്ട്.
ഓണ്ലൈനില് ശ്രദ്ധ നേടുന്നതിനായി വിനോദസഞ്ചാരികള് കാട്ടിക്കൂട്ടുന്ന ഇത്തരം മാരകമായ സ്റ്റണ്ടുകള്ക്കെതിരെ നിരവധി ഉപയോക്താക്കള് ആശങ്ക രേഖപ്പെടുത്തി. ഇത് ചെയ്യുന്നവര്ക്ക് മാത്രമല്ല, ആ റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരുടെ ജീവന് കൂടി ഭീഷണിയുയര്ത്തുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്, ലക്ഷക്കണക്കിന് ആളുകള് കണ്ട ഈ സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.







Comments